ആറന്മുള ഭൂരഹിതരോടുള്ള വഞ്ചനയുടെ 15 ആണ്ടുകൾ : കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു നടന്ന ഭൂ സമരത്തിന്റെ സമയത്ത് കിടപ്പാടവും വീടും വാഗ്ദാനം ചെയ്തു ഇടതുമുന്നണിയും ബിജെപിയും കുടിൽ കെട്ടി താമസിപ്പിച്ച 1200 ഭൂ രഹിത ഭവന രഹിത കുടുംബങ്ങളെ ഇടതു സർക്കാർ വഞ്ചിച്ചതായും ആറന്മുള ഭൂസമരത്തിന്റെ സൃഷ്ടിയായ മുഖ്യമന്ത്രി പിണറായി വിജയനും കൃഷി മന്ത്രി പി പ്രസാദും അവർക്ക് വാഗ്ദാനം നൽകിയ ഭൂമിയും വീടും നൽകണമെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സിപിഎം സി പി ഐ പാർട്ടികളുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെ ശുപാർശ കത്തുമായി വന്ന 1140 കുടുംബങ്ങളും കുമ്മനം രാജശേഖരൻ നൽകിയ 60 കുടുംബങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. ഒന്നുകിൽ പദ്ധതി പ്രദേശത്ത് ഭൂമിയും വീടും അല്ലെങ്കിൽ മിച്ചഭൂമി പിടിച്ചെടുത്തു വീടുവെച്ചു നൽകും എന്നായിരുന്നു വാഗ്ദാനം.

സമരത്തിന് ശേഷം അധികാരത്തിൽ വന്ന പിണറായി വിജയനും ഇടതു മുന്നണിയും സമരക്കാരെ മറന്നു. പല നിവേദനങ്ങളും സമരങ്ങളും നടത്തിയെങ്കിലും തിരിഞ്ഞ് നോക്കിയില്ല. 2011 ജനുവരി 1നാണ് ഭൂരഹിത കുടുംബങ്ങളെ കൊണ്ടുവന്നു പാർപ്പിച്ചത്. 15 വർഷങ്ങൾ പിന്നിട്ടിട്ടും ഇടതു സർക്കാർ അവരെ പരിഗണിച്ചില്ല. ആറന്മുള ഭൂസമരത്തിന്റെ സൃഷ്ടിയാണ് ഇടതു സർക്കാരും കൃഷി മന്ത്രി പി പ്രസാദു. സിപിഐ ജില്ലാ സെക്രട്ടറി ആയിരുന്ന പി പ്രസാദാണ് അന്ന് സമരത്തിനു നേതൃത്വം നൽകിയത്. സമരത്തിന് നേതൃത്വം നൽകിയ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പിന്നീട് മിസോറാം ഗവർണറായി. അദ്ദേഹവും പദ്ധതി പ്രദേശത്തേക്ക് വന്നില്ല. 25 കുടുംബങ്ങൾ ഒഴികെ ബാക്കി എല്ലാവരും എങ്ങോട്ടൊക്കെയോ പോയി. അവർ എവിടെ പോയി എന്നുപോലും വ്യക്തമല്ല. പല സ്ഥലങ്ങളിൽ പുറംപോക്കിൽ കുടിൽ കെട്ടിയും ബന്ധുവീടുകളിൽ അഭയം തേടിയും കഴിഞ്ഞിരുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാവം മനുഷ്യരെ പ്രലോഭിപ്പിച്ചു രാഷ്ട്രീയ സമരത്തിന് ആയുധമാക്കുകയാണ് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ചെയ്തത്.

അവിടെ അവശേഷിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ ഭൂമിയും വീടും അടിയന്തിരമായി അനുവദിക്കണം. അവർക്ക് റേഷൻ കാർഡും വോട്ടർ പട്ടികയിൽ പേരും അനുവദിക്കണം. ആറന്മുള ഭൂസമര സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോയ ഭൂ രഹിതരുടെ ഇന്നത്ത അവസ്ഥയെ പറ്റി സർക്കാർ അടിയന്തരമായി അന്വേഷിച്ച് അവരെ കണ്ടെത്തി വീട് വെച്ചു നൽകണം. പദ്ധതി പ്രദേശത്തു തന്നെ സ്ഥലവും വീടും അനുവദിക്കണമെന്ന് അവർ പറയുന്നില്ല. മനുഷ്യർക്ക് താമസിക്കാൻ പറ്റുന്ന സ്ഥലത്തു വേണമെന്നേ ആഗ്രഹമുള്ളൂ. ഇതൊരു മനുഷ്യാവകാശ പ്രശ്നമാണ്. ഇന്നത്ത സ്ഥിതിയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകും. മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകും. സർക്കാർ അനുകൂല നടപടി സ്വീകരിക്കുന്നില്ലെങ്കിൽ മറ്റ് മാർഗം നോക്കും.

വഞ്ചനയുടെ ആരംഭം:
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ വ്യാജ പ്രചരണങ്ങളിലൂടെ അട്ടിമറിച്ച് അധികാരത്തിലെത്താൻ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്നു ആറൻമുള വിമാനത്താവളവിരുദ്ധ സമരവും വിവാദ ഭൂമിയിൽ കുടിൽ കെട്ടി നടത്തിയ സമരവും. 2011 ജനുവരി മാസം ഒന്നാം തീയതിയാണ് എൽ ഡി എഫ് സംസ്ഥാന വ്യാപകമായി ഭൂസമരം പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചയായി ജനുവരി 12 ന് വിമാനത്താവള പദ്ധതി പ്രദേശത്ത് കുടിൽ കെട്ടിയുള്ള സമരവും ആരംഭിച്ചു. ആറൻമ്മള വിമാനത്താവള വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയിരുന്ന ബി ജെ പി യുടെ സഹായത്തോടെയും പിൻതുണയോടെയുമാണ് കുടിൽ കെട്ടിയുള്ള സമരവും നടന്നത്. സിപിഎം സിപിഐ കക്ഷികളുടെ നേതൃത്വത്തിൽ സമരഭുമിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 1200 ഓളം ഭൂരഹിത കുടുംബങ്ങളെയാണ് എത്തിച്ചത്. എല്ലാ കുടുംബങ്ങൾക്കും പദ്ധതി പ്രദേശത്തെ ഭൂമിയിൽ സ്ഥലവും വീടും നൽകും എന്നായിരുന്നു വാഗ്ദാനം.

യു ഡി എഫ് സർക്കാരിന്റെ കാലത്ത് സ്ഥലവും വീടും ലഭിച്ചില്ലെങ്കിൽ പിന്നീട് വരുന്ന നമ്മുടെ സർക്കാർ (എൽ ഡി എഫ് സർക്കാർ ) മിച്ചഭൂമി പിടിച്ചെടുത്ത് സമരക്കാർക്ക് നൽകും എന്നായിരുന്നു വാഗ്ദാനം. അങ്ങനെ വെറുതെ ആർക്കും പദ്ധതിപ്രദേശത്ത് കുടിൽ കെട്ടാനും അനുവാദമുണ്ടായിരുന്നില്ല. സി പി എം, സി പി ഐ ലോക്കൽ കമ്മറ്റി സെക്രട്ടറിമാരുടെ ശുപാർശ കത്തുമായി വന്നാൽ മാത്രമേ പദ്ധതിപ്രദേശത്ത് കുടിൽ കെട്ടാൻ അനുവാദം ലഭിക്കു. ഇവിടെ കുടിൽ കെട്ടിയതിൽ 1140 ഓളം കുടുംബങ്ങളും ലോക്കൽ സെക്രട്ടറിമാരുടെ ശുപാർശ കത്തുമായി വന്നവരാണ്. ബാക്കി 60 ഓളം കുടുംബങ്ങളെ കുമ്മനം രാജശേഖരൻ്റെ ആളുകൾ ഇടപെട് ഇവിടെ താമസിപ്പിക്കുകയായിരുന്നു.

പദ്ധതി പ്രദേശത്തെ ദുരിതം:
ഒരു പുൽനാമ്പ് പോലും ഇല്ലാതെ മരുഭുമി പോലെ കിടക്കുന്ന പദ്ധതി പ്രദേശത്തെ താമസം ഏറെ ദുരിതപൂർണ്ണമായിരുന്നു. മരിച്ചാൽ കുഴിച്ചിടാൻ സ്വന്തമായി അൽപ്പം സ്ഥലവും ഉയിരുള്ള കാലം തല ചായ്ക്കാൻ ഒരു ചെറിയ കൂരയും സ്വപ്നം കണ്ട് ഇവിടെയെത്തിയ സാധുക്കൾക്ക്, ആ സ്വപ്നത്തിന്റെ തണൽ മാത്രമായിരുന്നു ആശ്രയം. സമരം ആരംഭിക്കുന്ന കാലത്ത് കുടിലുകൾ കെട്ടാൻ ഉൾപ്പെടെ പാർട്ടി പ്രവർത്തകർ സഹായിച്ചിരുന്നു. മണ്ണെണ്ണയും ഭക്ഷ്യ ധാന്യങ്ങളും നാമമാത്രമായെങ്കിലും സമരഭുമി നിവാസികൾക്ക് നൽകിയും കുന്നോളം വാഗ്ദാനങ്ങളും പ്രതീക്ഷകളും നൽകിയും അവരെ പദ്ധതി പ്രദേശത്ത് സ്ഥിരമായി താമസിക്കാൻ പ്രേരിപ്പിച്ചു.

വാടക വീടുകൾ ഉപേക്ഷിച്ച് സ്വന്തം ഭൂമിയും വീടും പ്രതീക്ഷിച്ച് വന്നവർ, പുറംപോക്ക് സ്ഥലങ്ങളിലും പാറപ്പുറത്തും ഷെഡ്ഡ് കെട്ടി താമസിച്ചവർ, ബന്ധു വീടുകളിലൊ കൂട്ടുകുടുംബങ്ങളിലൊ ചെറിയ ചായ്പ്പുകളിൽ കഴിഞ്ഞുകൂടിയവർ എന്നീ ഗണത്തിൽ പെട്ടവരാണ് എല്ലാവരും. ഞങ്ങളിനി എങ്ങോട്ട് പോകാൻ എന്ന അവരുടെ ചോദ്യത്തിന് മുന്നിൽ നേതാക്കൾ കടുത്ത പ്രതിസന്ധിയിലായി. എങ്ങനെ എങ്കിലും അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കണം എന്നത് മാത്രമായിരുന്നു ഇടത് മുന്നണിയുടെ ലക്ഷ്യം. പിന്നീട് ഈ പാവങ്ങളെ എങ്ങനെ എങ്കിലും പറ്റിച്ച് ഇവിടെ നിന്നൊഴിവാക്കി വസ്തു ഉടമയിൽ നിന്നും നല്ല കാശും വാങ്ങാം എന്നൊരു കണക്ക് കുട്ടലും ഉണ്ടായിരുന്നിരിക്കാം.

പുതിയ രാഷ്ട്രീയ മുഖങ്ങൾ:
ആറന്മുള സമരം കുറെ കുടുംബങ്ങളെ വഴിയാധാരമാക്കിയെങ്കിലും അതിലൂടെ പുതിയ ചില നേതാക്കൾ ഉയർന്ന് വന്നു. അതിൽ ആദ്യത്തെ ആൾ കുമ്മനം രാജശേഖരൻ തന്നെയാണ്. സമരത്തിന് ശേഷം

പരിസ്ഥിതി പ്രേമം വിറ്റു മന്ത്രിയായ പി പ്രസാദ്:
വിമാനത്താവള വിരുദ്ധ സമരം നടക്കുന്ന കാലത്ത് ജില്ലയിൽ കാര്യമായ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന സി പി ഐ യുടെ ജില്ലാ സെക്രട്ടറി ആയിരുന്നു പി പ്രസാദ്. ആലപ്പുഴക്കാരനായ പി പ്രസാദ് ജില്ലാ സെക്രട്ടറി ആയതിൽ പാർട്ടി ജില്ലാഘടകത്തിനുള്ളിലും വലിയ എതിർപ്പുകളാണ് നേരിടേണ്ടി വന്നത്. മിക്ക ഏരിയാ കമ്മറ്റികളും എതിരായതിനാൽ കാര്യമായ പരിപാടികളില്ലാതെയും, ഒട്ടും ശ്രദ്ധിക്കപ്പെടാതെയുമിരുന്ന പ്രസാദിനും ആറന്മുള സമരം വളരാനുള്ള ചവിട്ട് പടിയായി. ചില പ്രാദേശിക മാധ്യമങ്ങളുടെ സഹായത്തോടെ സ്വയം പരിസ്ഥിതി പ്രവർത്തകൻ എന്ന പരിവേഷമണിഞ്ഞ പി പ്രസാദും ആറൻമ്മുള സമരത്തിന്റെ ഒരു ഉത്പ്പന്നമാണ്. പിന്നെ നടന്ന തെരഞ്ഞെടുപ്പിൽ ഇന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് വിജയിച്ചത് ആറന്മുള ഭൂ സമരത്തിന്റെ പശ്ചാത്തലത്തിലാണ്. പുന്നപ്രയിലും വയലാറിലും നിരപരാധികളായ പാവങ്ങളെ വാരിക്കുന്തവുമായി പട്ടാളത്തെ എതിർക്കാനയച്ചിട്ട് നേതാക്കൾ സുരക്ഷിതരായി മാറി നിന്നതു പോലെ, മരുഭൂമി പോലെ പുൽനാമ്പിന്റെ തണൽ പോലുമില്ലാതിരുന്ന ആറൻമ്മുള വിമാനത്താവള പദ്ധതി പ്രദേശത്തേക്ക്, കയറിക്കിടക്കാൻ വീടും സ്ഥലവുമില്ലാതിരുന്ന പാവപ്പെട്ട കുടുംബങ്ങളെ തള്ളിവിട്ട് സമരത്തിന്റെ ഗുണ ഫലം അനുഭവിച്ചവർ, ആ സാധുക്കളോട് കാട്ടിയ കൊടിയ വഞ്ചന വിചാരണ ചെയ്യപ്പെടുകതന്നെ വേണം.

കൊടും വഞ്ചനയുടെ കരിമാരം ബ്രാഞ്ച് കമ്മറ്റി :
എല്ലാവർക്കും സ്വന്തമായി സ്ഥലവും വീടുമുള്ള കിനാശേരിയാണ് തങ്ങളുടെ സ്വപ്നം എന്നാണ് എൽ ഡി എഫ് ഭൂരഹിതരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇപ്പോൾ പത്ത് വർഷം പിണറായി വിജയൻ സർക്കാർ ഭരിച്ചിട്ട് നടപ്പാക്കാൻ കഴിയാതിരുന്ന ഭൂ രഹിതരില്ലാത്ത കേരളം എന്ന പദ്ധതി അന്ന് ഇടത്പക്ഷ സർക്കാരിനെ പരാജയപ്പെടുത്തി അധികാരമേറ്റ് ഒന്നോ രണ്ടോ വർഷം മാത്രം പിന്നിട്ട ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കണം എന്നായിരുന്നു എൽ ഡി എഫിന്റെ ആവശ്യം. ഉമ്മൻ ചാണ്ടിയാണ് തങ്ങൾക്ക് ഭൂമിയും വീടും ലഭിക്കാത്തതിന് കാരണം എന്ന് ഭൂ രഹിതരായ പാവങ്ങളെ വിശ്വസിപ്പിക്കുന്നതിൽ എൽ ഡി എഫ് വിജയിച്ചു. ആറൻമ്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ഭൂ രഹിതരുടെ വേദന മലയാള മാധ്യമങ്ങൾ മത്സരിച്ച് വാർത്തയാക്കുകയും ചെയ്തിരുന്നു. പദ്ധതി പ്രദേശത്തെ പ്രവർത്തകരെ ചേർത്ത് കരിമാരം ബ്രാഞ്ച് കമ്മറ്റി രൂപീകരിച്ചു. പദ്ധതി പ്രദേശത്തിന്റെ നടുക്ക് വലിയൊരു കൊടിമരവും സ്ഥാപിച്ചു. 1200 കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട കരിമാരം ബ്രാഞ്ചിൽ നിന്നും ആളെ ഇറക്കിയാണ് അക്കാലങ്ങളിൽ സി പി എം ന്റെ പാർട്ടി പരിപാടികൾ വിജയിപ്പിച്ചിരുന്നത്.

സഖാവ് വിജയമ്മ :
പദ്ധതി പ്രദേശത്ത് കുടിൽ കെട്ടിയ ഭൂരഹിതർക്കിടയിലെ സ്ത്രീകളുടെ നേതൃത്വം സഖാവ് വിജയമ്മ എന്ന സ്ത്രീക്കായിരുന്നു. സമരത്തിന്റെ മൂർദ്ധന്യത്തിൽ തങ്ങൾക്ക് ഭൂമിയും വീടും തരാത്ത ഉമ്മൻ ചാണ്ടിയെ കണ്ടാൽ അയാളുടെ “ചെവിക്കുറ്റി” തല്ലി പൊട്ടിക്കാമായിരുന്നു എന്ന് ആ സാധു സ്ത്രീയെക്കൊണ്ട് പറയിച്ച് കൈരളി ചാനലിലൂടെ ടെലിക്കാസ്റ്റ് ചെയ്ത് ദിവസങ്ങളാണ് എൽ ഡി എഫുകാർ ആഘോഷിച്ചത്. ഇതോടെ സാധുവായ ഈ സ്ത്രീയോട് കടുത്ത എതിർപ്പ് ഉണ്ടാവുകയും ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു. എന്നാൽ അജ്ഞത കൊണ്ട് സാധുമായ ഒരു സ്ത്രീ എന്തോ പറഞ്ഞതിനെ പർവ്വതീകരിച്ച് അവരെ ദ്രോഹിക്കാൻ പിണറായി വിജയനായിരുന്നില്ലെല്ലോ അന്ന് മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടി സാർ തന്റെ സ്വതസിദ്ധമായ ചിരിയോടെ “അത് കാര്യമാക്കേണ്ട” എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ചെയ്തത്.

കടുത്ത പാർട്ടി അനുഭാവിയായ സഖാവ് വിജയമ്മയുടെ ആരോഗ്യം പദ്ധതി പ്രദേശത്തെ ദുരിത ജീവിതത്തിലൂടെ കാലക്രമേണ ക്ഷയിച്ചു. പത്ത് വർഷക്കാലത്തോളം തങ്ങളുടെ സഖാവ് സ്ഥലവും വീടും തരും എന്ന് വിശ്വസിച്ച് പദ്ധതിപ്രദേശത്തെ കുടിലിൽ കഴിഞ്ഞ വിജയമ്മ സഖാവ് പിന്നീട് തീരെ കിടപ്പിലായി. ഇതോടെ ആറന്മുളക്ക് സമീപ പ്രദേശമായ കിടങ്ങന്നൂരിൽ താമസിക്കുന്ന സഹോദരൻ അയാളുടെ ചെറിയ ഷെഡ്ഡിന് സമീപം മറ്റൊരു ഷെഡ്ഡ് നിർമ്മിച്ച് സഹോദരിയെ അവിടെക്ക് മാറ്റി. പാർട്ടി സഖാക്കളാരും തിരിഞ്ഞ് നോക്കിയതേ ഇല്ല. എന്നാൽ ഇവരുടെ ദുരവസ്ഥ കണ്ട് മനസലിഞ്ഞ പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവർക്ക് ചെറിയൊരു ഷെഡ്ഡ് നിർമ്മിച്ച് നൽകി. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ആ സാധു സഖാവ് ഏറെ വിശ്വസിച്ച് ജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ്പാർട്ടി സഹായിക്കും എന്ന പ്രതീക്ഷയറ്റ് നിസ്സഹായയായി ഇവിടെ കഴിയുന്നു.

വ്യാജ പരിസ്ഥിതി പ്രേമം :
സി പി എം ഭൂരഹിതരുടെ വേദന ഏറ്റെടുത്തപ്പോൾ സി പി ഐയും കുമ്മനം രാജശേഖരനും വ്യാജ്യ പരിസ്ഥിതി പ്രേമത്തിന്റെ മേലങ്കിയാണ് എടുത്തണിഞ്ഞത്: കരിമാരം തോട്, പുഞ്ച പാടം, തെച്ചിക്കാവ്, തരിശു നില കൃഷി അങ്ങനെ എന്തൊക്കെ വിലാപങ്ങളായിരുന്നു? പദ്ധതി ഉപേക്ഷിച്ചതോടെ ഇക്കൂട്ടർക്ക് പരിസ്ഥിതിയും വേണ്ട, തെച്ചിക്കാവും വേണ്ട, കൃഷിയും വേണ്ട, കരിമാരം തോടും വേണ്ട, അവിടെ കൊണ്ടു താമസിപ്പിച്ചിരുന്ന ഭൂരഹിത ഭവന രഹിത പാവങ്ങളെയും വേണ്ട എന്നതാണത്ഭുതം. വിപ്ലവസർക്കാർ വന്നാലുടൻ എല്ലാവർക്കും ഭൂമിയും വീടും എന്നൊക്കെയായിരുന്നെല്ലൊ വാഗ്ദാനം. 5 വർഷത്തിന് പകരം ന് 10 വർഷം ഭരിച്ച സ്ഥിതിക്ക് ഈ പദ്ധതി പ്രദേശത്ത് നിങ്ങൾ കൊണ്ടുവന്നു താമസിപ്പിച്ച 1200 ഭൂരഹിത കുടുംബങ്ങളിൽ എത്ര കുടുംബങ്ങൾക്ക് ഭൂമിയും വീടും കൊടുത്തു എന്ന് ആറൻമുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ പ്രധാന ഗുണഭോക്താവായ വികസന നായകൻ പിണറായി വിജയൻ കേരളീയ പൊതു സമൂഹത്തോട് വ്യക്തമാക്കണം.

നരകം നാണിക്കുന്ന പദ്ധതിപ്രദേശം:
യു ഡി എഫ് കാലത്തെ 5 വർഷം ഒഴിവാക്കാം. പിണറായി വിജയന്റെ “ജനകീയ സർക്കാരിന്റെ” കാലത്തെ 10 വർഷക്കാലം ആറമ്മുളയിൽ നരക യാതനയിലാണ് ആ സമര സഖാക്കൾ കഴിയുന്നത്. വർഷത്തിൽ 4 ൽ അധികം തവണ ഈ പ്രദേശം വെള്ളത്തിനടിയിലാകും. അപ്പോൾ അതുവരെയുള്ള എല്ലാ ഗ്യഹോപകരണങ്ങളും ഉപയോഗ ശൂന്യമാകും. കുടിവെള്ളമില്ല, വൈദ്യുതിയില്ല, ശുചിമുറി ഇല്ല, കുട്ടികൾക്ക് പഠിക്കാൻ മണ്ണെണ്ണ വിളക്കും ഡീസൽ വിളക്കുമാണ് ആശ്രയം. റേഷൻ കാർഡില്ല. മരിച്ചാൽ കുഴിച്ചിടാൻ ഇടമില്ല. തൊഴിലില്ല. പോഷകാഹാരമില്ല. മരുന്നില്ല. ഭീകരമാണാ ജീവിതങ്ങൾ. നിങ്ങൾ നടത്തിയ വഞ്ചനാ സമരത്തിൽപെട്ട് ഉള്ള കിടപ്പാടവും നഷ്ടപ്പെട്ട ആ പാവങ്ങളോട് സി പി എം കാണിച്ച വഞ്ചന മാപ്പർഹിക്കാത്തതാണ്.

ആറമ്മുള അരി എവിടെ കിട്ടും ?
സമര പ്രഹസനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഷൂസിട്ട് കാർപെറ്റ് വിരിച്ച് യു ഡി എഫ് കൊണ്ടുവന്ന ആറന്മുള എഞ്ചിനീയറിങ് കോളേജിന് മുന്നിലെ പാടത്തിൽ വിത്ത് വിതച്ചിരുന്നല്ലൊ എന്നിട്ട് ആറൻ മ്മുള ബ്രാന്റ് അരിയും പ്രഖ്യാപിച്ചു ഇപ്പോൾ ആറൻ മ്മുള പാടശേഖരത്തിൽ എത്ര ഏക്കറിൽ കൃഷിയുണ്ട് ? ആറൻമ്മുള ബ്രാന്റ് അരി എവിടെ കിട്ടും എന്നൊക്കെ വ്യക്തമാക്കാൻ ഇടത് പക്ഷം തയ്യാറാകണം. അന്ന് വിത്ത് വിതക്കൽ സമരത്തിന് മുന്നിൽ നിന്ന് നേതൃത്വം കൊടുത്തയാളാണ് ഇന്നത്തെ കൃഷി മന്ത്രി പി പ്രസാദ്. സംസ്ഥാനത്തുടനീളം നാക്കുകൊണ്ട് കൃഷി വികസിപ്പിക്കുന്ന കൃഷി മന്ത്രി അദ്ദേഹത്തെ ഇന്നത്തെ നിലയിൽ എത്തിച്ച സമരഭൂമി മറന്നു.

കരിമാരം ബ്രാഞ്ചിൻ്റെ കൊടിമരവും കൊടിയും എവിടെ ?
ആറമ്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതോടെ പ്രഹസനങ്ങൾ അവസാനിപ്പിച്ച് ബി ജെ പി യും കമ്മ്യൂണിസ്റ്റ് പാർട്ടികളും സ്ഥലം വിട്ടു. പിന്നീട് അവർക്ക് ആറൻമ്മുളയിലെ ഭൂരഹതർ ഒരു ഭാരമായി മാറി. ഇതോടെ ഇവരെ ഇവിടെനിന്നും തുരത്താൻ തീരുമാനിച്ചു. ആദ്യം പാർട്ടി കൊടിയും കൊടിമരവും പദ്ധതി പ്രദേശത്തു നിന്ന് കടത്തി. പിന്നീട് അവരെ ഒറ്റപ്പെടുത്തി. പോകാൻ ഈ ഭൂമിയിൽ എവിടെ എങ്കിലും ഒരിടം കണ്ടെത്താൻ കഴിഞ്ഞവരൊക്കെ ഇവിടെ നിന്ന് സ്ഥലം വിട്ടു. എന്നാൽ മറ്റൊരു വഴിയുമില്ലാത്ത 25 ഓളം കുടുംബങ്ങൾ പാർട്ടി പ്രവർത്തകരുടെ ഭീഷണികളും ഒറ്റപ്പെടുത്തലും സഹിച്ച് ഇവിടെ തുടരുന്നു. പോകാൻ ഇലോകത്ത് മറ്റെങ്ങും ഇടമില്ലാത്തവർ, സ്ത്രീകളുണ്ട്, കുട്ടികളുണ്ട്, വ്യദ്ധരുണ്ട്, രോഗികളുണ്ട്, സമാനതകളില്ലാത്തതാണവരുടെ ദുരിതം. വലിയ ഡൈനിങ് ടേബിളിൽ വിഭവങ്ങൾ നിരത്തിവച്ച് വയറുനിറയെ ഭക്ഷിക്കുകയും പൗരപ്രമുഖരുമായി ചർച്ച നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി ഇടക്ക് ഈ പട്ടിണി പാവങ്ങളെ ഒന്നോർക്കണം. അവരുടെ ദുരിതങ്ങളുടെ വില പറഞ്ഞുറപ്പിച്ച് മന്ത്രിസ്ഥാനത്തെത്തിയ പി പ്രസാദ് പദ്ധതി പ്രദേശം മന്ത്രി പദവി ഒഴിയും മുൻപ് ഒന്നു കൂടി സന്ദർശിക്കണം. അവരുടെ സമരാഗ്നിയുടെ ചൂടിൽ പുതുജീവൻ നേടി മിസ്സോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനും ദേവസ്വം പ്രസിഡന്റ് പദവി നേടിയ എ പദ്മകുമാറും ഈ പാവങ്ങളെ എപ്പോഴെങ്കിലുമൊന്നോർക്കണം. നിങ്ങളുടെ വഞ്ചന കേരള സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാൻ തന്നെയാണ് തീരുമാനം-പഴകുളം മധു പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...

മന്ത്രി ശരത്കുമാർ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം , അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

0
ചെന്നൈ : തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന്...