ചങ്ങനാശേരി :15 ലിറ്റര്‍ വിദേശമദ്യവുമായി മാടപ്പള്ളി പെരുമ്പനച്ചി മുക്കാട്ടുകുന്ന് ബാബു ആന്റണി (49) യെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പനച്ചി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വി ഹെല്‍പ്പ് എന്ന സ്ഥാപനത്തില്‍ തൃക്കൊടിത്താനം പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സ്ഥാപനത്തിനോട് ചേര്‍ന്നുളള ഷെഡില്‍ വിവിധ ബ്രാന്റുകളിലുളള 15 ലിറ്റര്‍ വിദേശ മദ്യമാണ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മറവില്‍ സ്ഥിരമായി മദ്യകച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥാപന ഉടമയായ ബാബു ആന്റണി ഷെഡിനു മുന്‍പില്‍ നിന്നും മാറാതെ നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ പോലീസ് സംഘം ഷെഡിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് മദ്യം സൂക്ഷിച്ചുവച്ചിരുന്നതെന്ന് ബാബു ആന്റണി പോലീസിനോട് പറഞ്ഞു. ചങ്ങനാശേരി ഡി.വൈ.എസ്.പി ആര്‍.ശ്രീകുമാര്‍, തൃക്കൊടിത്താനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ഇ.അജീബ്, എസ്.ഐ അഖില്‍ദേവ്, എ.എസ്.ഐ ഷിബു, സിവില്‍ പോലീസ് ഓഫിസര്‍ സത്യന്‍, ജോഷി എന്നിവര്‍ ചേര്‍ന്നാണ് മദ്യം കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.