തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 15 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. സംഭവദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരിയും, ജോമോനും ചേര്‍ന്ന് വാതില്‍ തകര്‍ത്താണ് പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അവിടെ വച്ച് വൈകാതെ കുട്ടി മരിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ജോമോന്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മരിച്ച പെണ്‍കുട്ടിയെ ജോമോന്‍ മര്‍ദ്ദിച്ചകാര്യം ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പോലീസില്‍ മൊഴി നല്‍കുകയും ചെയ്തു. കേസെടുത്ത നെയ്യാറ്റിന്‍കര പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.