ഷിംല : കാലവർഷ കെടുതിരൂക്ഷമായി തുടരുന്ന ഹിമാചൽ പ്രദേശിൽ മലയാളികൾ കുടുങ്ങി. തൃശൂർ മെഡിക്കൽ കോളജിലെ പതിനെട്ട് ഹൗസ് സർജൻസാണ് മണാലിയിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കി. കഴിഞ്ഞ 26ആം തിയതിയാണ് തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള യുവ ഡോക്ടേഴ്‌സിന്റെ സംഘം വടക്കേ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നത്. ഇന്നലെയാണ് ഇവർ മണാലിയിലെത്തിയത്. ഇന്നലെ തന്നെ ഇവർ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഹിമാചലിൽ പ്രളയത്തെ തുടർന്ന് ഗതാഗതം താറുമാറായതിനെ തുടർന്ന് മണാലിയിൽ തന്നെ കുടുങ്ങുകയായിരുന്നു. ഇവർ സുരക്ഷിതരാണെന്നാണ് ട്രാവൽ ഏജൻസി നൽകുന്ന വിവരം.
ഉത്തരേന്ത്യയിൽ കാലവർഷ കെടുതികളിൽ 50 ൽ അധികം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിൽ രണ്ടു ദിവസമായി കനത്തമഴ തുടരുകയാണ്. ഡൽഹിയിൽ നാലു പതിറ്റാണ്ടിനിടയിലെ വലിയ മഴയാണ് (153 എംഎം) 24 മണിക്കൂറിനുള്ളിൽ പെയ്തത്. ഡൽഹിയിലെ റോഡുകളിലെ വെള്ളക്കെട്ട് കാരണം ഗതാഗതം സ്തംഭിച്ചു.