കട്ടപ്പന : ബിവറേജസ് ഷോപ്പ് ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വാത്തിക്കുടി സ്വദേശികളായ ചിറക്കാളകത്ത് വിഷ്ണു (26), കൊല്ലംമാവടിയില് ജിഖില്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കട്ടപ്പന ബിവറേജ് ഔട്ട്ലെറ്റിലെ മാനേജര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഇവര്‍ മര്‍ദ്ദിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. മദ്യ ഷോപ്പിലേക്ക് ലോഡുമായി എത്തിയ ലോറി കയറുന്ന വഴിയില്‍ തടസമായി നിര്‍ത്തിയിട്ടിരുന്ന യുവാക്കളുടെ ബൈക്ക് എടുത്തുമാറ്റാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.
മാനേജര്‍ എത്തി ബൈക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ഇതിന് കൂട്ടാക്കാതെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തടസം പിടിക്കാനെത്തിയ മറ്റു ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന്, മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.