പത്തനംതിട്ട: നാരങ്ങാനം ഇടതുകര കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളിൽ രണ്ട് പേർ മുങ്ങിമരിച്ചു. നാരങ്ങാനം വട്ടക്കാവ് തെക്കേതിൽ മേമുറിയിൽ ഇട്ടി ചെറിയാന്റെ മകൻ ജിബിൻ ചെറിയാൻ (26), വട്ടക്കാവ് ഇടശേരിൽ വാസുദേവൻ നായരുടെ മകൻ അനീഷ് കുമാർ (27) എന്നിവരാണ് മരിച്ചത്. ചെരിവ് പുരയിടത്തിൽ സുനിലാണ് രക്ഷപ്പെട്ടത്. സുഹൃത്തുക്കളായ യുവാക്കൾ നാരങ്ങാനം വലിയകുളം ഭാഗത്ത് പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ഇടതുകര കനാലിൽ ഇറങ്ങുകയായിരുന്നു. കനാലിൽ നല്ല ഒഴുക്കുണ്ടായിരുന്നു. മരിച്ച രണ്ട് പേർക്കും നീന്തലറിയില്ല.
കനാലിന്റെ കൽക്കെട്ടിൽ പിടിച്ചുകിടന്ന സുനിലിന്റെ നിലവിളികേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. അവർ സുനിലിനെ രക്ഷപ്പെടുത്തി. പോലീസും അഗ്നിശമനസേനയും നടത്തിയ തെരച്ചിലിൽ അർദ്ധരാത്രിയോടെ ജിബിന്റെ മൃതദേഹം കണ്ടെടുത്തു. പമ്പിംഗ് നിറുത്തിവച്ച് കനാലിലെ വെള്ളം പൂർണമായി ഒഴുക്കിവിട്ടശേഷം നടത്തിയ തെരച്ചിലിൽ 200മീറ്റർ താഴെ നിന്ന് അനീഷിന്റെ മൃതദേഹവും കണ്ടെത്താനായി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ജിബിൻ ചെറിയാൻ അവിവാഹിതനാണ്. അശ്വതിയാണ് അനീഷ് കുമാറിന്റെ ഭാര്യ. ആറ് മാസം പ്രായമായ കുഞ്ഞുണ്ട്.