വാഷിങ്ടണ്‍: യു.എസില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. നെവാഡ സംസ്ഥാനത്തെ റെനോയില്‍ നടന്ന നാഷനല്‍ ചാംപ്യന്‍ഷിപ്പ് എയര്‍ റേസസിലാണു ദുരന്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ചാംപ്യന്‍ഷിപ്പ് നിര്‍ത്തിവച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടമുണ്ടായത്. ടി-6 ഗോള്‍ഡ് റേസിന്റെ സമാപനത്തിനിടെ ലാന്‍ഡ് ചെയ്യുമ്പോഴാണു രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. നിക്ക് മാസി, ക്രിസ് റഷിങ് എന്നിങ്ങനെ രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തിന്റെ മറ്റ് അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിദഗ്ധരായ പൈലറ്റുമാരും ടി-6 റേസിങ്ങില്‍ ഗോള്‍ഡ് ജേതാക്കളുമാണ് ഇരുവരുമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇന്ന് റേസിങ്ങില്‍ പങ്കെടുത്ത സിക്സ് ക്യാറ്റ് വിമാനത്തിന്റെ പൈലറ്റായിരുന്നു നിക്ക്. റഷിങ് ബാരണ്‍സ് റിവഞ്ച് വിമാനത്തിലെ പൈലറ്റുമായിരുന്നു. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ്(എന്‍.ടി.എസ്.ബി) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.