കോഴിക്കോട് : ഒ.എൽ.എക്സിൽ വിൽപ്പനയ്ക്ക് വെച്ച ഐപാഡ് വാങ്ങാനെന്ന വ്യാജേന ബന്ധപ്പെട്ട് 20 ലക്ഷംരൂപ തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ. ഇമാനുവൽ ജെയിംസ് ലെഗ്‌ബെട്ട് (32)നെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് ബംഗളൂരുവിലെ വിദ്യാരണ്യപുര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ അവിടെ വ്യാജവിലാസത്തിൽ താമസിച്ചു വരികയായിരുന്നു.
പ്രതിയിൽനിന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച സിം കാർഡുകൾ, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഒ.എൽ.എക്സിൽ നല്ലളം സ്വദേശിയുടെ ആപ്പിൾ ഐപാഡ് വാങ്ങാനെന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട പ്രതി അമേരിക്കയിലെ വെൽസ് ഫാർഗോ എന്ന ബാങ്കിന്‍റെതെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഡൊമെയിൻ നിർമിച്ച് പണം അയച്ചതിന്‍റെവ്യാജ രസീത് അയച്ചുകൊടുക്കുകയായിരുന്നു.
തുടർന്ന് വ്യാജനമ്പറുകളിലുള്ള വാട്‌സാപ്പ് അക്കൗണ്ടുകൾ വഴിയും ആർ.ബി.ഐ. ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇ-മെയിൽ അയച്ചും പരാതിക്കാരന്‍റെ വിശ്വാസം പിടിച്ചുപറ്റി. പ്രോസസിങ് ഫീസ്, അക്കൗണ്ട് ആക്‌റ്റിവേഷൻ പ്രോസസ് എന്നീ പല പേരുകളിലായി പരാതിക്കാരനിൽ നിന്നും 20 ലക്ഷത്തോളം രൂപ തട്ടുകയായിരുന്നു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻമാരായ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ്, ഫെബിൻ, രതീഷ്, സിവിൽ പോലീസ് ഓഫീസറായ അർജുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.





























