ന്യൂഡല്‍ഹി: പാന്‍ നമ്പറോ ആധാര്‍ നമ്പറോ തൊഴിലുടമയ്ക്ക് നല്‍കിയില്ലെങ്കില്‍ ഇനിമുതല്‍ നിങ്ങളില്‍നിന്ന് 20 ശതമാനം നികുതി ഈടാക്കും. അതായത് ശമ്പളത്തില്‍നിന്ന് 20 ശതമാനം ആദായ നികുതി (ടിഡിഎസ്) ഈടാക്കുമെന്ന് ചുരുക്കം. നിലവില്‍ പാന്‍ നല്‍കിയില്ലെങ്കിലായിരുന്നു 20 ശതമാനം ടിസിഎസ് ബാധകമായിരുന്നത്. ഇതിനാണ് മാറ്റംവരുത്തിയത് ആധാര്‍ നമ്പര്‍ നല്‍കിയാലും മതി.
പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഏറ്റവും പുതിയ ടിഡിഎസ് സര്‍ക്കുലറിലാണ് ആധാര്‍കൂടി നിര്‍ബന്ധമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആദായ നികുതി പരിധിക്കുതാഴെയാണെങ്കില്‍ ആധാര്‍ നല്‍കിയില്ലെങ്കിലും നിങ്ങളില്‍നിന്ന് ടിഡിഎസ് കിഴിവ് ചെയ്യില്ല. പാന്‍ ഇല്ലാത്തവര്‍ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്ന് കഴിഞ്ഞ ബജറ്റില്‍ നിയമം ഭേദഗതിചെയ്തിരുന്നു. ഇങ്ങനെ ആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് നികുതിവകുപ്പ് പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ അപേക്ഷിക്കാതെതന്നെ നല്‍കിയിരുന്നു.