ന്യൂഡൽഹി : രാജ്യത്ത് പിടികൂടുന്ന വ്യാജ നോട്ടുകളിൽ അഞ്ചിൽ ഒന്നുവീതം അതീവ സുരക്ഷ സംവിധാനങ്ങളോട് പുറത്തിറങ്ങിയ രണ്ടായിരം രൂപയുടേതാണെന്ന് കണ്ടെത്തൽ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയ രണ്ടായിരത്തിന്റെ നോട്ടുകൾ പകർത്താൻ കഴിയാത്ത വിധത്തിലുള്ള സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ വാദമാണ് ഈ റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിയുന്നത്.
ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2018 ൽ മാത്രം രാജ്യത്ത് പിടികൂടിയത് രണ്ടായിരം രൂപയുടെ 54,776 വ്യാജ നോട്ടുകളാണ്. 17.95 കോടി മൂല്യം വരുന്ന 2,57,243 വ്യാജ നോട്ടുകളാണ് ഇക്കാലയളവിൽ ആകെ പിടികൂടിയത്. അതായത് പിടിച്ചെടുത്ത അഞ്ചിൽ ഒരു നോട്ട് കോപ്പിയടിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചിരുന്ന രണ്ടായിരം രൂപയുടെ വ്യാജനാണ്. നോട്ടുനിരോധനകാലത്താണ് കേന്ദ്രസർക്കാർ ഇത്തരത്തിലുള്ള വാദം മുന്നോട്ടുവച്ചത്.
2016 നവംബർ 8നാണ് രാജ്യത്തെ ഞെട്ടിച്ച നോട്ട് നിരോധനം വന്നത്. രാജ്യത്ത് വ്യാപിച്ചിരുന്ന കള്ളപ്പണവും വ്യാജനോട്ടുകളും ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നത്. രാജ്യത്ത് രണ്ടായിരത്തിന്റെ വ്യാജന്മാർ ഏറ്റവും കൂടുതലുള്ള സ്ഥലം തമിഴ്നാടാണ്. ഏകദേശം 12,560 വ്യാജനോട്ടുകളാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. 9615 നോട്ടുകൾ പിടിച്ചെടുത്ത പശ്ചിമബംഗാളാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ ഏറ്റവും കൂടുതൽ വ്യാജനോട്ടുകൾ പിടികൂടിയത് പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിൽ നിന്നാണ്. ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഒരുകോടി ഇരുപത്തിമൂന്ന് ലക്ഷം രൂപ മൂല്യം വരുന്ന 28,855 വ്യാജനോട്ടുകളാണ് ഗുജറാത്തിൽ നിന്ന് പിടികൂടിയത്.