അരൂർ: പായസം വച്ചാൽ സ്കൂൾ ബസ് പുറത്തിറങ്ങുമോ എന്ന ചോദ്യത്തിന് ഇറക്കാനാകുമെന്നാണ് മറ്റത്തിൽഭാഗം ഗവ.എൽ.പി. സ്കൂൾ അധികൃതരുടെ മറുപടി. ഇതിനായി ഇവർ ഈ 28ന് പായസം തയ്യാറാക്കുകയാണ്. 2000 ലിറ്റർ പായസത്തിലൂടെ മധുരം വിളമ്പിയാൽ അറ്റകുറ്റപ്പണി നടത്തി ബസ് പുറത്തിറക്കാനുള്ള പണം കണ്ടെത്താമെന്നാണ് കരുതുന്നത്.
കാത്തിരുപ്പിനൊടുവിൽ സ്കൂൾ തുറന്നപ്പോൾ കുട്ടികളെ സുരക്ഷിതമായി എത്തിക്കുന്നതിനായാണ് ബസ് പുറത്തിറക്കുന്നത്. ഒന്നരവർഷമായി ഓടാത്ത സ്കൂൾബസിന്റെ അറ്റകുറ്റപ്പണി, ജിപിഎസ്, ഇൻഷുറൻസ് ഇവക്കെല്ലാംകൂടി രണ്ടുലക്ഷം രൂപ വേണം. കുട്ടികളുടെ രക്ഷിതാക്കളെല്ലാം നിർധനരാണ്. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്കും (എസ്‌എംസി) ഇത്രയും തുക എടുക്കാനില്ല. അപ്പോഴാണ് പായസ ചലഞ്ചിനെക്കുറിച്ച് ആലോചിച്ചത്.
സ്കൂൾ വികസന സമിതി, പൂർവ വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ എസ്എംസിയുടെ ഈ മധുരച്ചലഞ്ചിന് പിന്തുണ നൽകുന്നു. ആലോചനായോഗത്തിൽ ചെയർമാൻ കെ.എം. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ പി.ഡി ജോഷി, വിദ്യാകുമാരി, എം.കെ അബ്ദുൾ റഹ്‌മാൻ, കെ.പി കബീർ, ശശിധരൻ നായർ, വിനു ബാബു, സിമി, അനീഷ, നൗഫർ, ജിജുക്കുട്ടൻ, അനുമോൾ, പ്രവിത എന്നിവർ പ്രസംഗിച്ചു.