ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റേത് തൊഴിലാളിവിരുദ്ധ- ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ബുധാഴ്ച അര്‍ധരാത്രി ആരംഭിക്കും. വിവിധ മേഖലയിലായി 25 കോടിയിലേറെ തൊഴിലാളികള്‍ അണിനിരക്കും. കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പങ്കാളികളാകും. പണിമുടക്കിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം പിസിസികള്‍ക്ക് നിര്‍ദേശം നല്‍കി.
ബിഎംഎസ് ഒഴികെയുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനും പണിമുടക്കും. കര്‍ഷക സംഘടനകളും പ്രക്ഷോഭത്തിലാണ്. തൊഴിലാളിവിരുദ്ധ തൊഴില്‍ ചട്ടങ്ങളും കര്‍ഷകദ്രോഹ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം, എല്ലാവര്‍ക്കും മാസം 10 കിലോ സൗജന്യ റേഷന്‍ തുടങ്ങി ഏഴിന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്.
ബാങ്കിങ്, ഇന്‍ഷുറന്‍സ്, എണ്ണ- പ്രകൃതിവാതകം, ഊര്‍ജം, തുറമുഖം, കല്‍ക്കരി അടക്കമുള്ള ഖനിമേഖലകള്‍, സിമന്റ്, സ്റ്റീല്‍, തപാല്‍, ടെലികോം, പൊതു-സ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ആശ- അങ്കണവാടി ജീവനക്കാര്‍ തുടങ്ങി എല്ലാവിഭാഗവും പണിമുടക്കില്‍ അണിനിരക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.