തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തലസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരിലും രോഗം പടരുന്നു. ഇന്നലെ മാത്രം 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുള്‍പ്പെടെ ശ്രീചിത്രയിലെ 25 ജീവനക്കാര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. നാല് ന്യൂറോ സര്‍ജന്‍മാര്‍, മൂന്ന് അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ന്യൂറോ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 300 ജീവനക്കാര്‍ക്ക് മൂന്നു ദിവസങ്ങളിലായാണ് പരിശോധന നടത്തിയത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ന്യൂറോ വിഭാഗത്തിലെ ചികിത്സയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അടിയന്തര ശസ്ത്രക്രിയയൊഴികെയുള്ളവ മാറ്റുകയും ചെയ്തു.