തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിന്‍റെ 31 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നൽകി. പ്രധാന പദ്ധതികളുടെ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പദ്ധതികൾക്കാണ് കിഫ്ബി യോഗത്തില്‍ അനുമതിയായത്. ആകെ 2798.97 കോടി രൂപയുടെ പദ്ധതികളാണ് ഇതിലൂടെ സംസ്ഥാനത്ത് നടപ്പിലാകുന്നത്. തീരദേശ ഹൈവെയുടെ വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനും സ്ഥലമേറ്റെടുപ്പിനുമായി 194.14 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.
ഒൻപത് ജില്ലകളിലായി 17 സ്ട്രെച്ചുകളിലുള്ള സ്ഥലമേറ്റെടുപ്പിന് 2007 കോടി രൂപയും കിഫ്ബി അനുവദിച്ചു. മലയോര ഹൈവെ, തീരദേശ ഹൈവേ, പ്രധാന റോഡുകള്‍, പാലങ്ങള്‍ എന്നിങ്ങനെ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന പദ്ധതികള്‍ക്കാണ് കിഫ്ബി യോഗത്തില്‍ അംഗീകാരമായത്.