മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ സംഘം നുണ പരിശോധന നടത്തുമെന്ന് വിവരം. സുശാന്തിന്റെ മുൻ പെൺസുഹൃത്ത് റിയ ചക്രവർത്തിയെ നുണപരിശോധനക്ക് വിധേയയാക്കും. റിയയുടെ മൊഴികളിലെ പൊരുത്തക്കേടുകളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നുണ പരിശോധനയ്ക്ക് വിധേയയാകാൻ റിയയോട് സിബിഐ നിർദേശിച്ചു. അഭിഭാഷകനും കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളാൻ സമയം വേണമെന്ന് റിയ അറിയിച്ചിട്ടുണ്ട്.
അതേസമയം ഷോപ്പിംഗിന് വേണ്ടി റിയാ ചക്രവർത്തി സുശാന്തിന്റെ കാർഡ് ഉപയോഗിച്ചിരുന്നുവെന്ന് സുഹൃത്ത് സിദ്ധാർത്ഥ് പിത്താനി ആരോപിച്ചു. സുശാന്തിന്റെ മാനേജർ സാമുവൽ മിറാന്റ തന്നോട് ഒരിക്കൽ ഇത് പറഞ്ഞതായും സിദ്ധാർത്ഥ്. കൂടാതെ ഹാർഡ് ഡിസ്‌കിൽ നിന്നും തന്റെ എല്ലാ വീഡിയോയും വിവരങ്ങളും ഡിലീറ്റ് ചെയ്യാനും സുശാന്ത് പറഞ്ഞിരുന്നുവെന്നും സിദ്ധാർത്ഥ്.