കൊച്ചി : കൊച്ചിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് വയസ്സുകാരനെ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്രു പാര്‍ക്കിന് സമീപത്തുനിന്നാണ് അസം സ്വദേശിയായ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യം ശ്രദ്ധിച്ച നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാഷാ സഹായിയെ എത്തിച്ച ശേഷമാണ് കുട്ടി സംസാരിക്കുന്നത് അസമീസാണെന്ന് മനസിലാക്കിയത്. കുഞ്ഞിന്റെ പേര് രാഹുല്‍ എന്നാണെന്നും തിരിച്ചറിഞ്ഞു. പ്രിയങ്ക എന്നാണ് അമ്മയുടെ പേരെന്നും കുട്ടി പറയുന്നു.
കുട്ടിയെ കണ്ടെത്തുമ്പോള്‍ ഒരു പായ്‌ക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചെങ്കിലും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തന്‍ സാധിച്ചില്ല. കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേക്ക് കൈമാറി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.