ന്യൂഡല്‍ഹി : ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർധിപ്പിക്കാൻ ഐഎൻഎസ് വിശാഖപട്ടണം എന്ന യുദ്ധകപ്പൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചു. മുംബൈയിലെ നാവിക സേനാ ആസ്ഥാനത്തായിരുന്നു ചടങ്ങ്. ആത്മ നിർഭർ ഭാരതിനുള്ള ഉത്തരമാണ് ഐഎൻഎസ് വിശാഖപട്ടണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്തോ പെസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നേവിയുടെ ഉത്തരവാദിത്തമാണെന്നും സമാധാനം ഇല്ലാതാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2015 ൽ തുടങ്ങിയ പ്രൊജക്ട് 15 ബി ശ്രേണിയിലെ നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് വിശാഖപട്ടണം. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാൻ കഴിവുള്ള മിസൈൽ വേധ കപ്പലാണിത്. 163 മീറ്റർ നീളവും 7000 ടൺ ഭാരമുള്ള കപ്പലിൽ ബ്രഹ്മോസ് അടക്കം അത്യാധുനിക മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഹെലികോപ്റ്ററുകള വഹിക്കാനുമാകും. രാസ, ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐഎൻഎസ് വിശാഖ പട്ടണം പ്രവർത്തിക്കും. 2018 ൽ കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം വൈകുകയായിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കിടെയുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. മോർമുഗാവോ, ഇംഫാൽ, സൂറത്ത് എന്നിവയാണ് ഈ ശ്രേണിയിലെ മറ്റ് മൂന്ന് കപ്പലുകൾ.