കൊച്ചി: ആലുവയില്‍ കഴിഞ്ഞ ദിവസം മൂന്ന് വയസുകാരന്‍ മരിച്ചത് നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം അല്‍പസമയം മുമ്പ് പൂര്‍ത്തിയായിരുന്നു. ഇതിനു ശേഷമാണ് നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം കുട്ടിയുടെ വയറ്റില്‍ നിന്ന് രണ്ട് നാണയത്തുട്ടുകള്‍ പുറത്തെടുത്തിട്ടുണ്ട്. ഒരുരൂപയുടേയും അന്‍പത് പൈസയുടേയും നാണയങ്ങളാണ് പുറത്തെടുത്തത്.
പോസ്റ്റുമോര്‍ട്ടത്തിനിടെ വന്‍കുടലിന്‍റെ താഴ്ഭാഗത്തു നിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. കുഞ്ഞിന്‍റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി കാക്കനാട് റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കൂടി വന്ന ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് കടുങ്ങല്ലൂരില്‍ താമസക്കാരായ രാജു-നന്ദിനി ദമ്പതിമാരുടെ ഏക മകന്‍ പൃഥ്വിരാജ് മരിച്ചത്. അബദ്ധത്തില്‍ നാണയത്തുട്ട് വിഴുങ്ങിയ മൂന്നുവയസുകാരനെ പല സര്‍ക്കാര്‍ ആശുപത്രികളിലെത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.