ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിയതോടെ റെയില്‍വേയ്ക്ക് റദ്ദാക്കേണ്ടി വരുന്നത് 39 ലക്ഷം ടിക്കറ്റുകള്‍. ഏപ്രില്‍ 15 നും മെയ് മൂന്നിനും ഇടയിലുള്ള യാത്രകള്‍ക്കുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുക്ക് ചെയ്യപ്പെട്ട ടിക്കറ്റുകളാണ് ഇത്. മെയ് മൂന്നുവരെ ഒരു ട്രെയിന്‍ സര്‍വീസുകളും ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷവും അടച്ചിടല്‍ അവസാനിക്കുന്ന ഏപ്രില്‍ 14 നു ശേഷമുള്ള ടിക്കറ്റുകള്‍ ബുക്കുചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 14 നു ശേഷം ലോക്ക്ഡൗണ്‍ അവസാനിക്കുകയും തീവണ്ടികള്‍ ഓടിത്തുടങ്ങുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍ 39 ലക്ഷം യാത്രക്കാര്‍ ടിക്കറ്റുകള്‍ ബുക്കുചെയ്തത്.
ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ മുന്‍കൂട്ടി ടിക്കറ്റ് ബുക്കുചെയ്യുന്നതിനുള്ള സൗകര്യം റെയില്‍വേ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക മുഴുവന്‍ യാത്രക്കാര്‍ക്ക് തിരികെ ലഭിക്കും. ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്കുചെയ്തവര്‍ക്കെല്ലാം തുക അക്കൗണ്ടില്‍ തിരികെയെത്തും. കൗണ്ടറുകളിലെത്തി ടിക്കറ്റ് ബുക്കുചെയ്തവര്‍ക്ക് ജൂലായ് 31 വരെ പണം തിരികെ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.