ആലുവ : ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെ മുതൽ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തർപ്പണം നടത്തുക. പുലർച്ചെ അഞ്ചു മുതൽ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും. ആറ് മാസത്തിനു ശേഷമാണ് ബലിതർപ്പണം പുനരാരംഭിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആലുവ മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾ ദേവസ്വം അധികൃതർ ഒഴിവാക്കിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ക്ഷേത്രം അടയ്ക്കുകയും ബലിതർപ്പണം നിർത്തിവെയ്ക്കുകയും ചെയ്തത്.
എന്നാൽ ആറ് മാസങ്ങൾക്ക് ശേഷം നാളെ മുതൽ ആലുവ മണപ്പുറത്തു ബലി തർപ്പണ ചടങ്ങുകൾ പുനരാരംഭിക്കും. പുലർച്ചെ മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഗണേശൻ പോറ്റി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മണപ്പുറത്തെ കർക്കടവാവ് ബലിതർപ്പണവും പൂർണമായും ഉപേക്ഷിച്ചിരുന്നു.