കൊച്ചി : പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്താൻ കഴിയില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെ എതിർത്ത് കിറ്റ്‌കോ സുപ്രീംകോടതിയിൽ. തൽസ്ഥിതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഭാരപരിശോധന ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഹൈക്കോടതി നിർദേശപ്രകാരം പ്രവർത്തിച്ചിരുന്നെങ്കിൽ കഴിഞ്ഞ ഫെബ്രുവരിയോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമായിരുന്നുവെന്നും കിറ്റ്‌കോ സുപ്രീംകോടതിയെ അറിയിച്ചു.
മേൽപ്പാലം പുതുക്കിപ്പണിയാൻ അനുമതി നൽകണമെന്നും തൽസ്ഥിതി ഉത്തരവ് ഭേദഗതി ചെയ്യണമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷയിലാണ് കിറ്റ്‌കോ കടുത്ത എതിർപ്പ് ഉന്നയിച്ചത്. ഭാരപരിശോധന നടത്തുന്നത് അടക്കം ഹൈക്കോടതി നിർദേശങ്ങൾ അനുസരിച്ചിരുന്നെങ്കിൽ ഫെബ്രുവരിയോടെ തന്നെ പ്രശ്‌നം പരിഹരിക്കാമായിരുന്നു.
എന്നാൽ മൈലേജിന് വേണ്ടി സർക്കാർ കേസ് വലിച്ചുനീട്ടി. ഭാരപരിശോധന നടത്താതെ മേൽപ്പാലം പുതുക്കിപണിയാനാണ് ശ്രമം. അതിന്റെ ഭാഗമാണ് തൽസ്ഥിതി ഉത്തരവ് ഭേദഗതി ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം. ഭാരപരിശോധന നടത്താതെ ഗർഡറുകളും സ്ലാബുകളും തകർത്താൽ മേൽപ്പാലത്തിന്റെ ബലം കണക്കാക്കാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്നും കിറ്റ്‌കോ സുപ്രീംകോടതിയെ അറിയിച്ചു.
കേസിൽ സെപ്റ്റംബർ ഇരുപത്തിരണ്ടിന് അന്തിമവാദം കേൾക്കാമെന്നാണ് കോടതി നിലപാട്. ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം പാലം അപകടാവസ്ഥയിലാണെന്നും പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.