പത്തനംതിട്ട : ചെന്നൈയിലെ ഫ്ലൈ ഡ്രീംലാൻഡ് ട്രാവൽസ് എന്ന സ്ഥാപനം മുഖേന ഹോങ്കോങ്ങിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 4 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് തിരുവള്ളൂർ ജില്ലയിൽ കക്കല്ലൂർ ബൈപ്പാസിൽ തമിഴ്നാട് ഹൗസിംഗ് ബോർഡ് നമ്പർ 3230 വീട്ടിൽ വി എസ് ആദം(39) എന്നയാളാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം ചാരുംമൂട്ടിൽ വീട്ടിൽ സതീഷ് ആണ് കബളിപ്പിക്കപ്പെട്ടത്. പ്രതിക്ക് പങ്കാളിത്തമുള്ള ചെന്നൈയിലെ ഈ സ്ഥാപനം മുഖേന ഹോങ്കോങ്ങിൽ പാക്കിംഗ് കമ്പനിയിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടുതവണയായി നാലു ലക്ഷം രൂപ ചെന്നൈ സിറ്റി യൂണിയൻ ബാങ്കിലെ അക്കൗണ്ടിലേക്ക് കൈമാറിയെടുത്തത്.
കഴിഞ്ഞമാസം 24 നാണ് സതീഷ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തിരുവല്ല പോലീസിന് പ്രതിക്ക് കോയിപ്രം കീഴ്‌വായ്‌പ്പൂർ ആലുവ പോലീസ് സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള തട്ടിപ്പിന് കേസുകൾ ഉണ്ടെന്ന് വെളിപ്പെട്ടിരുന്നു. കീഴ്‌വായ്‌പ്പൂർ പോലീസ് അവിടെ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന കേസിൽ ഈമാസം 5 ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് കോടതി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തിരുവല്ല പോലീസ് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജയിലിലെത്തി ഫോർമൽ അറസ്റ്റ് ചെയ്തു. പണമിടപാട് സംബന്ധിച്ചും മറ്റുമുള്ള രേഖകൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്.