അടിമാലി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അടിമാലിയില്‍ കുടുംബത്തിലെ നാലുപേര്‍ വോട്ടുചെയ്തു. അടിമാലി വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പോളിങ് സ്‌റ്റേഷനിലാണ് സംഭവം.
അടിമാലിയിലെ താലൂക്ക്തല സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയും ഇവരുടെ അമ്മയും കൂടാതെ മറ്റൊരു വീട്ടിലെ ബന്ധുക്കളായ രണ്ടുപേരുമാണ് കോവിഡ് രോഗികളായിട്ടും പി.പി.ഇ കിറ്റ് ധരിക്കാതെയെത്തി വോട്ടു ചെയ്തത്.
വിഷയം ശ്രദ്ധയില്‍പെട്ടിട്ടും പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞില്ലെന്നും ഒത്താശ ചെയ്തെന്നും ആരോപണം ശക്തമായി. വൈകീട്ട് അഞ്ചിനുശേഷം പി.പി.ഇ കിറ്റ് ധരിച്ച് എത്തി വോട്ട് രേഖപ്പെടുത്താനായിരുന്നു അനുമതി.
പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടായിരുന്നതും ഉപയോഗപ്പെടുത്താതെയാണ് ഇവര്‍ ബൂത്തില്‍ നേരിട്ടെത്തി സമ്മതിദാനം വിനിയോഗിച്ചത്. കോവിഡ് രോഗികള്‍ മുന്‍കരുതലെടുക്കാതെ പല ബൂത്തിലും വോട്ടുചെയ്തതായും സംശയം ഉയര്‍ന്നിട്ടുണ്ട്.