ചെങ്ങന്നൂർ : നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഭരണാനുമതിയായത് 463.65 കോടിയുടെ പദ്ധതികൾ. സമ്പൂർണ കുടിവെള്ളപദ്ധതിക്ക് കിഫ്ബി 199.13 കോടി ലഭ്യമാക്കിയിരുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് ജലശുദ്ധീകരണശാല ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ടാക്കാനാണ് മുൻഗണന നൽകിയത്. പഞ്ചായത്തുകളിലെ കുടിവെള്ളവിതരണത്തിനുള്ള പദ്ധതികൾ ജലജീവൻ മിഷന്റെ ഫണ്ടുംകൂടി ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കുന്നത്. ഈ പദ്ധതികൾക്കായി 206 കോടിയുടെ ഭരണാനുമതിയുമായി. ജലജീവൻ മിഷൻ പ്രത്യേകമായി 58 കോടിയും അനുവദിച്ചിട്ടുണ്ട്. 12.43 ലക്ഷം ആളുകൾക്കു പ്രയോജനം ലഭിക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിദിനം ഒരാൾക്ക് 100 ലിറ്റർ വെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മന്ത്രി സജി ചെറിയാന്റെ നിർദേശപ്രകാരാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ പുരോഗതി മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് കിഫ്ബിയുടെ ഓഫീസിൽ നടന്നിരുന്നു. ഒന്നാം ഘട്ടത്തിൽ മുളക്കുഴ നികരുംപുറത്ത് ജലശുദ്ധീകരണശാലയുടെയും അനുബന്ധ നിർമാണങ്ങളുടെയും പണി പൂർത്തിയാക്കിയിരുന്നു.
രണ്ടാം പാക്കേജിൽ ചെങ്ങന്നൂർ നഗരസഭയിലെ മലയിലിൽ ഉന്നതതല ജലസംഭരണി, നഗരസഭയിൽ 151.44 കിലോമീറ്റർ വിതരണശൃംഖല, റെയിൽവേ പാത മുറിച്ച് പൈപ്പിടേണ്ട ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. ഇതിനെത്തുടർന്നാണ് മൂന്നാം പാക്കേജിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് തുടക്കമായിരിക്കുന്നത്. നേരത്തേ അനുമതി ലഭിച്ച 199.13 കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ചാണ് ആദ്യഘട്ടപദ്ധതികൾ പൂർത്തിയാക്കിയത്.
ഈ തുക 217 കോടിയായി ഉയർത്താൻ ഭരണാനുമതി കിട്ടിയിരുന്നു. ഇതിന് കിഫ്ബിയുടെ അനുമതിയായിട്ടില്ല.മൂന്നാം പാക്കേജിലെ പ്രവൃത്തികളുടെ കരാറായി. വെൺമണി പഞ്ചായത്തിലെ പാറച്ചന്ത (10 ലക്ഷം ലിറ്റർ), മുളക്കുഴ പഞ്ചായത്തിലെ കളരിത്തറ (6.5 ലക്ഷം ലിറ്റർ) എന്നീ സ്ഥലങ്ങളിൽ ഉന്നതതല ജലസംഭരണികൾ നിർമിക്കും. മുളക്കുഴ പഞ്ചായത്തിൽ 162.966 കിലോമീറ്റർ ദൂരത്തിൽ ജലവിതരണക്കുഴലുകളും നിർമിക്കും.