പത്തനംതിട്ട: പഠന വൈകല്യമുള്ള 15 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസിൽ സീതത്തോട്, ഗുരുനാഥൻ മണ്ണ്, മുണ്ടൻ പാറ , പേഴുംകാട്ടിൽ മോഹനനെ (57) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് 55 വർഷം കഠിന തടവിനും 2 .50 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. ഐ. പി .സി, പോക്സോ ആക്ട് കളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ ശിക്ഷ ഒടുക്കാതിരുന്നാൽ രണ്ടര വർഷം അധിക കഠിന തടവും അനുഭവിക്കണം. 2019 മുതലുള്ള കാലയളവിൽ പഠനവൈകല്യമുളള പെൺകുട്ടിയെ പ്രതി വിവിധ സമയങ്ങളിലായി പീഢിപ്പിക്കുകയായിരുന്നു.
പ്രതിയുടെ സുഹൃത്തായിരുന്നു പെൺകുട്ടിയുടെ പിതാവ്. ഈ സാഹചര്യം ദുരുപയോഗപ്പെടുത്തി പെൺകുട്ടിയെ നിരന്തരം പിൻതുടർന്ന് പ്രതി പീഢിപ്പിക്കുകയായിരുന്നു. പ്രതിയുടെ പ്രവൃത്തിയിൽ സഹികെട്ട പെൺകുട്ടി തൻ്റെ പിതാവിനോട് വിവരം പറയുകയും തുടർന്ന് പോലീസ് കോൺടുക്കുകയും ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൻ്റെ അന്വേഷണം ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി. രാജേന്ദ്രൻ പിള്ളയാണ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത ശേഷവും കോടതിയിൽ കേസ് വിസ്താരം നടന്ന വേളയിലും ഇരയേയും കുടുംബത്തേയും പറ്റി പ്രതി അപവാദ പ്രചരണം നടത്തിയത് പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.