കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ശനിയാഴ്ച കുട്ടിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്കി. പനി മാറി. ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനാല്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ പരിക്ക് സംബന്ധിച്ച വിദഗ്ധ പരിശോധനക്ക് ഗൈനകോളജി വിഭാഗത്തിന് കൈമാറും. അസം സ്വദേശികളും മൂവാറ്റുപുഴ പെരുമറ്റത്ത് വാടകക്ക് താമസിക്കുന്നവരുമായ ദമ്പതികളുടെ കുട്ടിയാണ് ചികിത്സയില്‍ കഴിയുന്നത്.
27നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയുണ്ടാവുകയും വയര്‍ വീര്‍ത്തുവരുകയും മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ കുട്ടിയെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
തുടര്‍പരിശോധനയിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും കുടലിലും മുറിവുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. കുട്ടിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആര്.എം.ഒ ഡോ. ജയപ്രകാശ് അറിയിച്ചു. അതേസമയം, കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടും മെഡിക്കല്‍ ബോര്‍ഡ് പരിക്കിന്റെ ഉറവിടം കണ്ടെത്തുകയോ പോലീസ് അന്വേഷണം ഊര്ജിതപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.