ഹാപൂര്‍ : ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവം നടന്നു നാല് ദിവസമായിട്ടും അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ സംസ്ഥാനത്തു പ്രതിഷേധം രൂപപ്പെട്ടു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. കുട്ടിയുടെ മാതാപിതാക്കളുടെയും അയല്‍വാസികളുടെയും മൊഴികളെ അടിസ്ഥാനമാക്കി മൂന്ന് രേഖാചിത്രങ്ങള്‍ പോലീസ് പുറത്തിറക്കി.
ഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഗര്‍ മുഖ്തേശ്വര്‍ പ്രദേശത്തുള്ള പെണ്‍കുട്ടിയെയാണു വീടിന് പുറത്തുവെച്ചു മോട്ടര്‍ സൈക്കിളില്‍ എത്തിയ ഒരാള്‍ തട്ടിക്കൊണ്ടുപോയത്. മകളെ കാണാതായതായി മാതാപിതാക്കള്‍ പരാതി നല്‍കി. പോലീസ് തിരച്ചിലില്‍ പിറ്റേന്ന് രാവിലെ രക്തത്തില്‍ കുതിര്‍ന്ന് അബോധാവസ്ഥയില്‍ ഗ്രാമത്തില്‍ നിന്ന് വളരെ അകലെയുള്ള കുറ്റിക്കാട്ടിലാണു കുട്ടിയെ കണ്ടെത്തിയത്.
വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ മീററ്റിലെ ആശുപത്രിയിലേക്കു മാറ്റി, ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. നിലവില്‍ പ്രശ്നങ്ങളില്ലെങ്കിലും അപകടാവസ്ഥ മറികടന്നെന്നു പറയാറായിട്ടില്ലെന്നു ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ‘അവള്‍ക്ക് വളരെക്കാലം ചികിത്സ ആവശ്യമായി വരും, കൂടുതല്‍ ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വരാം’- മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ എസ്.കെ.ഗാര്‍ഗ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അവസ്ഥ മോശമായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആറിലധികം ടീമുകള്‍ പ്രതികളെ തേടിയിറങ്ങിയിട്ടുണ്ടെന്നും ഹാപൂര്‍ പോലീസ് മേധാവി സഞ്ജീവ് സുമന്‍ പറഞ്ഞു. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചു ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നു പ്രതിപക്ഷത്തെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അറിയിച്ചു.