റാന്നി: കനത്ത ചൂട് വകവെക്കാതെ ജനാധിപത്യ പ്രക്രിയയില്‍ പൊതുജനം പങ്കാളികളായപ്പോള്‍ റാന്നിയില്‍ രേഖപ്പെടുത്തിയത് 60.71 ശതമാനം വോട്ട്. റാന്നി നിയോജക മണ്ഡലത്തിൽ 191442 വോട്ടര്‍മാരില്‍ 116228 പേര് വോട്ടവകാശം വിനിയോഗിച്ചു. ആകെ 99330 സ്ത്രീ വോട്ടര്‍മാരില്‍ 58450 പേരും 93110 പുരുഷ വോട്ടര്‍മാരില്‍ 57776 പേരുമാണ് വോട്ടിംങ്ങില്‍ പങ്കാളികളായത്. സ്ത്രീ വോട്ടിംങ് 68.84% വും പുരുഷ വോട്ടിംങ് 62.72% ആണ്. മഴ മാറി നിന്ന അന്തരീക്ഷത്തില്‍ പോളിംഗ് പൊതുവെ സമാധാനപരം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ തർക്കം ഉണ്ടായെങ്കിലും എങ്ങും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പെരുനാട്, കുടമുരുട്ടി എന്നിവിടങ്ങളിൽ പോളിംഗ് സ്റ്റേഷന് പുറത്തു പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായതൊഴിച്ചു മറ്റിടങ്ങളിലെല്ലാം കാര്യങ്ങൾ സമാധാനപരമായിരുന്നു.
വടശ്ശേരിക്കര റ്റി.റ്റി.റ്റി.എം.വി എച്ച്.എസ്.എസിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിലായത് മൂലം ഒന്നര മണിക്കൂറോളം നേരം പോളിംഗ് വൈകി. ഇതിനിടയിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന വടശ്ശേരിക്കര ബൗണ്ടറി സ്വദേശി പുത്തൻപറമ്പിൽ അച്ചാമ്മ ജോണി (68) കുഴഞ്ഞു വീണു. ഇവരെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി പൂഴിക്കുന്ന് 74-ാം നമ്പര്‍ എം.ഡി എല്‍.പി സ്കൂള്‍,78-ാം നമ്പര്‍ ഗവ.എല്‍.പി സ്കൂള്‍ കരികുളം എന്നിവിടങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായത് പോളിംങ്ങിനെ ബാധിച്ചു. രണ്ടു സ്ഥലത്തും ആളുകൾ ഏറെനേരം കാത്തു നിൽക്കേണ്ടി വന്നു. പൂഴിക്കുന്നില്‍ വോട്ടിംങ് യന്ത്രം തകരാറിലായതോടെ പുതിയ യന്ത്രം സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചു. ഇവിടെ ആദ്യം 21 വോട്ടു രേഖപ്പെടുത്തിയ മിഷ്യന്‍ പിന്നീട് സീല്‍ ചെയ്തു മാറ്റി. കരികുളത്ത് വോട്ടിംങ് തുടങ്ങാന്‍ വൈകിയതിനാല്‍ അധിക സമയം പോളിംങ്ങിന് അനുവദിച്ചു. റാന്നി മണ്ഡലത്തിൽ 202 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടിങ് നടന്നത്. റാന്നി എം എൽ ആ പ്രമോദ് നാരായണൻ 163 -ാം നമ്പർ ഗവ.യു.പി സ്കൂൾ വൈക്കം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ മുൻ എം.എൽ എ രാജു എബ്രഹാം 95 -ാം നമ്പർ സെന്റ്. തോമസ് യു.പി സ്കൂൾ കരിംകുറ്റിയിൽ വോട്ട് രേഖപ്പെടുത്തി. റാന്നിയിൽ ഇടതുപക്ഷ തരംഗം ഉണ്ടാകുമെന്നു ഇരുവരും വോട്ടിങ്ങിനു ശേഷം പ്രതികരിച്ചു.