പാലാ : മൂന്നാനിയിൽ വെള്ളം കയറിയതോടെ പാലാ ടൗണിലെ വ്യാപാരികൾ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റി. മുൻ വർഷങ്ങളിൽ സമാന രീതിയില്‍ ഒട്ടേറെ കടകളിൽ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ നശിച്ചിരുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുന്നോന്നി തകടി റോഡ് കനത്ത മഴയിൽ തകർന്നു. ചൊവ്വൂർ അഞ്ചുകണ്ടത്തിൽ ടോമിയുടെ വീടിന് ഉരുൾപൊട്ടലിൽ വിള്ളൽ സംഭവിച്ചു.
താലൂക്കിനു കീഴിൽ മേച്ചാൽ, മേലുകാവ് എന്നിവിടങ്ങളിലായി 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 10 കുടുംബങ്ങളിൽ നിന്നായി 36 പേരെ ക്യാംപുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ആർഡിഒ രാജേന്ദ്രബാബു, തഹസിൽദാർ സിന്ധു, ഡപ്യൂട്ടി തഹസിൽദാർ ബി.മഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്നിലവ് വില്ലേജ് സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.