കൊച്ചി: ആലുവയില്‍ ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയില്‍ അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. എടത്തല പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
പിതൃസഹോദരിയായ 21 കാരിയായ യുവതി കുട്ടിയെ മദ്യം കുടിപ്പിച്ചുവെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ശാരീരികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. പോക്‌സോ കേസുകളില്‍ ഉടന്‍ നടപടികള്‍ വേണം. കോടതി നിര്‍ദേശം ഉണ്ടെങ്കിലും എടത്തല പോലീസ് കേസെടുത്ത് മൂന്നു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതെ അലംഭാവം കാട്ടുകയാണെന്നു മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
ഇതിനിടെയാണ് മദ്യം കുടിപ്പിച്ചെന്ന പരാതിയില്‍ കമ്മീഷന്‍റെ ഇടപെടല്‍. കുട്ടിയെ മദ്യം കുടിപ്പിച്ചെന്ന പരാതി ബാലനീതി പ്രകാരം ഗുരുതരമായ കുറ്റമാണെന്നും കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തത് ക്രിമിനല്‍ നടപടി നിയമത്തിലെ ലംഘനമാണെന്നും ചെയര്‍മാന്‍ മനോജ് കുമാര്‍ കമീഷന്‍ അംഗം കെ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.