പത്തനംതിട്ട : ദേശീയതയുടെ ആവേശം ഉണര്‍ത്തി ഭാരതത്തിന്റെ 75 -ാമത് സ്വാതന്ത്ര്യദിനാഘോഷം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.40ന് അടൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.ഡി.പ്രജീഷ് പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.45ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയും 8.50ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യരും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു.
9ന് മുഖ്യാതിഥി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. 9.05ന് മുഖ്യാതിഥി 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വര്‍ണാഭമായ ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് ദേശീയ പതാക ഉയര്‍ത്തി വന്ദിച്ചു. യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. 9.10ന് മന്ത്രി വീണാജോര്‍ജ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 9.15ന് മന്ത്രി വീണാ ജോര്‍ജ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
പോലീസിന്റെ ഡിഎച്ച്ക്യു, ലോക്കല്‍, വനിതാ പോലീസ് എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ പ്ലാറ്റൂണുകളും, ഫോറസ്റ്റ്, എക്സൈസ് എന്നീ വകുപ്പുകളുടെ ഓരോ പ്ലാറ്റൂണുകളും ഉള്‍പ്പടെ അഞ്ച് പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്. ലോക്കല്‍ പോലീസ് പ്ലാറ്റൂണിനെ പത്തനംതിട്ട സബ് ഇന്‍സ്പക്ടര്‍ ആര്‍.ബൈജുവും, വനിതാ പ്ലാറ്റൂണിനെ അലീന സൈറസും ഡിഎച്ച്ക്യു പ്ലാറ്റൂണിനെ റിസര്‍വ് സബ് ഇന്‍സ്പക്ടര്‍ അബ്ദുള്‍ ഷുക്കൂറും, എക്സൈസ് പ്ലാറ്റൂണിനെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.പ്രശാന്തും, ഫോറസ്റ്റ് പ്ലാറ്റൂണിനെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.സുനിലും നയിച്ചു.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച ആരോഗ്യ പ്രവര്‍ത്തകരായ ഡെപ്യൂട്ടി ഡിഎംഒ രചനാ ചിദംബരം, ജെഎഎംഒ ഡോ.എം.എസ്.രശ്മി, കോഴഞ്ചേരി ജില്ലാ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ഷൈനി വര്‍ഗീസ്, പത്തനംതിട്ട ജനറല്‍ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ജി.സുമ, പാരാമെഡിക്കല്‍ സ്റ്റാഫുകളായ ജെജി ജേക്കബ്, ബബിത, ക്ലീനിംഗ് സ്റ്റാഫുകളായ അനില്‍ കുമാര്‍, ദിലീന, മാത്യു യോഹന്നാന്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.