കൊച്ചി : ലക്ഷദ്വീപില്‍ 800 കോടി രൂപയുടെ വമ്പന്‍ ടൂറിസം പദ്ധതിയുമായി ദ്വീപ് അഡ്മിനിസ്ട്രേഷന്‍. മാലദ്വീപ് മോഡലില്‍ 370 ഇക്കോ ടൂറിസം വില്ലകളും വാട്ടര്‍ വില്ലകളും നിര്‍മ്മിക്കും. സുഹേലിയടക്കം മൂന്ന് ദ്വീപുകളാണു തിരഞ്ഞെടുത്തിരിക്കുന്നത്. നീതി അയോഗ് മുന്നോട്ടുവെച്ച ടൂറിസം വികസനമാണു പരിസ്ഥിതി പ്രവര്‍ത്തകരുടെയും സമുദ്രഗവേഷകരുടെയും ശക്തമായ എതിര്‍പ്പിനെ മറികടന്നു നടപ്പിലാക്കുന്നത്.
നീലജലാശയത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മാലദ്വീപിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന റിസോര്‍ട്ടുകളും വാട്ടര്‍വില്ലകളുമാണ്. മാലദ്വീപിന്റെ അതേ മാതൃക ലക്ഷദ്വീപിലേക്കു പറിച്ച് നടാന്‍ ഒരുങ്ങുകയാണു ദ്വീപ് ഭരണകൂടം. 800 കോടി രൂപ മുടക്കി 370 ഇക്കോ ടൂറിസം വില്ലകളും വാട്ടര്‍ വില്ലകളും നിര്‍മിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. താല്‍പര്യമുള്ളവരെ ദ്വീപിലേക്കു ക്ഷണിച്ചുകൊണ്ട് അഡ്മിനിസ്ട്രേഷന്റെ പരസ്യമിറക്കി.
സുഹേലി, മിനിക്കോയി, കദാമത്ത് എന്നീ ദ്വീപുകളിലായാണു നിര്‍മ്മാണം. നീതി അയോഗ് ഒരു വര്‍ഷം മുമ്പ് നിര്‍ദേശിച്ച വില്ലാ പ്രോജക്ടുകള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. വില്ലകളുടെ നിര്‍മ്മാണത്തോടെ ദ്വീപിലെ വലിയൊരു മേഖല മലിനമാകുമെന്നും ഇതു കടലിലും കരയിലും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു വഴിവെയ്ക്കുമെന്നുമാണു ഇവരുടെ വാദം. ദ്വീപ് ജനതയുടെ ജീവിതത്തെയും ബാധിക്കും. വ്യക്തമായ പഠനം വേണമെന്ന് എംപിയടക്കം ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതിക്ക് അനുയോജ്യമായ വസ്തുകള്‍ ഉപയോഗിച്ചു മാത്രമെ വില്ലകള്‍ നിര്‍മിക്കൂവെന്ന് ഉറപ്പു നല്‍കുകയാണ് അഡ്മിനിസ്ട്രേഷന്‍. വൈദ്യുതിക്കായി പൂര്‍ണമായും സൗരോര്‍ജത്തെ ആശ്രയിക്കും. പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ നിര്‍മിക്കുന്ന വില്ലകള്‍ ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. 75 വര്‍ഷത്തിനുള്ളില്‍ മുടക്കിയ തുക പൂര്‍ണമായും തിരിച്ചുകിട്ടുകയാണു ലക്ഷ്യം.