ലക്നൗ : ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് 8 പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസിലെ തീവ്രവാദ വിരുദ്ധ സേന(എ ടി എസ്)യാണ് 8 പേരെ അറസ്റ്റ് ചെയ്തത്. വൈകല്യമുള്ള കുട്ടികള്‍, സ്ത്രീകള്‍, തൊഴിലില്ലാത്തവര്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം, വിവാഹം, ജോലി, പണം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു മതംമാറ്റമെന്ന് പൊലീസ് ആരോപിക്കുന്നു.
അറസ്റ്റിലായ 8 പേര്‍ക്കെതിരെ കുറ്റങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന, ഇന്‍ഡ്യന്‍ സര്‍കാരിനെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ അനുവദിക്കണമെന്ന എ ടി എസിന്റെ അപേക്ഷ ലക്നൗ കോടതി സ്വീകരിച്ചു.
മതപരിവര്‍ത്തന റാകെറ്റ് നടത്തിയതായി ആരോപിച്ച് ഈ വര്‍ഷം ജൂണ്‍ 21 ന്, എ ടി എസ് പുരോഹിതന്മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹഗീര്‍ ആലം ഖാസ്മി എന്നിവരെ ഡെല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേരെ മതം മാറ്റുന്നതില്‍ ഇവര്‍ പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് 8 പേരെ കൂടി അറസ്റ്റ് ചെയ്തത്. ഇവര്‍ ഇസ്ലാമിക് ദഅ്വാ സെന്ററിന്റെ ബാനറില്‍ വലിയ തോതില്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പൊലീസ് ആരോപിച്ചു.