തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് എട്ടിന്റെ പണി. സംഭവം ചോദ്യംചെയ്ത വീട്ടമ്മയോട് മോശമായി പെരുമാറിയ കടയുടമയ്ക്ക് തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ശിക്ഷ വിധിച്ചു. തിരൂരിലെ ഫാൻസി സ്റ്റോർ ഉടമയ്ക്കാണ് ശിക്ഷ വിധിച്ചത്. ഹർജിക്കാരിക്ക് ഉത്പന്നത്തിന്റെ വിലയായ 175 രൂപ തിരികെ നൽകുന്നതിനൊപ്പം 15,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനാണ് വിധി. പോട്ടോർ കേശവം റെസിഡൻസിയിലെ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് നടപടി.
2023 മാർച്ച് 19ന് 175 രൂപ നൽകി വാങ്ങിയ ‘യാർഡ്ലി ലണ്ടൻ ഇംഗ്ലീഷ് ബ്ലോസം’ എന്ന ഉത്പന്നത്തിന്റെ കാലാവധി 2022 ഡിസംബറിൽ കഴിഞ്ഞിരുന്നു. കാലാവധി കഴിഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ ‘വേണമെങ്കിൽ പോയി കേസ് കൊടുക്ക്’ എന്നായിരുന്നു കടയുടമയുടെ മറുപടി. സ്ഥാപനം നൽകിയ ബിൽ മാഞ്ഞുപോകുന്ന അവസ്ഥയിലുമായിരുന്നു. സേവനത്തിലെ വീഴ്ചയും അനുചിതമായ വ്യാപാര രീതിയും മുൻനിറുത്തി ഉത്പന്നത്തിന്റെ വിലയായ 175 രൂപയ്ക്ക് പുറമെ 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതിച്ചെലവായും നൽകാൻ സി.ടി.സാബു പ്രസിഡന്റും എസ്.ശ്രീജ, ആർ.റാം മോഹൻ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിട്ടു.






























