കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കൊറോണയില്ലെന്ന് ആരോഗ്യവകുപ്പ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടു പേരുടെയും സാമ്പിളുകളില്‍ വൈറസിന്റെ സാന്നിധ്യമില്ല. ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ഇവരുടെ ആദ്യ സാമ്പിളുകള്‍ പരിശോധിച്ചതില്‍നിന്നാണ് വൈറസിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്നെത്തിയ ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുജന സമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. പ്രതിദിന വിലയിരുത്തലിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പ് അധികൃതരോട് പനി, തൊണ്ടവേദന, ശ്വാസ തടസം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവര്‍ അറിയിച്ചതിനെതുടര്‍ന്ന് ആംബുലന്‍സ് അയച്ച് ആശുപത്രിയില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കുകയായിരുന്നു.
സമാന ലക്ഷണങ്ങളുമായി ഒരാളെക്കൂടി ഇന്ന് മെഡിക്കല്‍ കോളജിലെ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളും പരിശോധനയ്ക്കയച്ചു. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂന്നായി.
ജില്ലയില്‍ ആര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളില്‍നിന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിയ 81 പേര് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും എല്ലാ ദിവസവും ഇവരുടെ ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ട്. വൈറസ് ബാധയ്ക്കെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി കോട്ടയം ഐഎംഎ ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.