കൊല്ലം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍ അറസ്റ്റില്‍. കല്ലമ്പലം കരവാരം ശിവകൃപയില്‍ ഡോ. ജെ.പി. അമൃതപ്രസാദാണ് അറസ്റ്റിലായത്. 2018 നാണ് കേസിനാസ്പദമായ സംഭവം. കല്ലമ്പലത്ത് പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ഇയാള്‍ കൂടെ ജോലി നോക്കിയിരുന്ന ഡോക്ടറും കേസിലെ പരാതിക്കാരന്റെ മകനുമായ വിനോദിന് ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപയോളം കൈക്കലാക്കുകയായിരുന്നു.
എന്നാല്‍, പണം നല്കി ഏറെനാള്‍ കഴിഞ്ഞിട്ടും ഓഫര്‍ ലെറ്ററോ വിസയോ ലഭിക്കാത്തതിനാലും പണം തിരികെ നല്‍കാത്തതിലും വിനോദിന്റെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. കല്ലമ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശാനുസരണം കല്ലമ്പലം പോലീസ് സബ്-ഇന്‍സ്പെക്ടര്‍ വി. ഗംഗാ പ്രസാദ്, ഗ്രേഡ് സബ്-ഇന്‍സ്പെക്ടര്‍ ജയരാജ്, സിവില്‍ പോലീസ് ഓഫീസര്‍ രാഗേഷ് ലാല്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.