വള്ളിക്കുന്നം : കുഞ്ഞുമനസ്സിന്റെ ആഗ്രഹം നിറവേറ്റാൻ ഷാഫി പറമ്പിൽ എംഎൽഎ 5ാം ക്ലാസ് വിദ്യാർഥി വള്ളികുന്നം തെക്കേമുറി ആശാരേത്ത് തെക്കതിൽ അരാഫത്തിന്റെ വീട്ടിലെത്തി. അരാഫത്തിന്റെ അഭ്യർഥന മാനിച്ചായിരുന്നു സന്ദർശനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ ജയം ആരാധകനായ അരാഫത്തിന് ആഘോഷമായിരുന്നു. ഷാഫി പറമ്പിലിനെ കാണണമെന്നും കൂടെനിന്നു ചിത്രം എടുക്കണമെന്നതുമായിരുന്നു ആഗ്രഹം. അതിനായി ഇന്റർനെറ്റിൽനിന്നു നമ്പർ കണ്ടെത്തി വീട്ടിലെ ഫോണിൽനിന്നു ഷാഫിയെ നേരിട്ടു വിളിച്ചു. തന്നോടും പാർട്ടിയോടുമുള്ള സ്നേഹം കാത്തുസൂക്ഷിക്കുന്ന കുട്ടിയെ വീട്ടിൽപോയി കാണാൻ ഷാഫിയും തീരുമാനിച്ചു.
ഷാഫി വരുന്ന കാര്യം അയൽക്കാരോടും കൂട്ടുകാരോടും അരാഫത്ത് പറഞ്ഞെങ്കിലും പലരും വിശ്വസിച്ചില്ല. ഇതോടെ വരുന്ന കാര്യം പലവട്ടം ഷാഫിയെ ഫോണിൽ വിളിച്ച് അരാഫത്ത് ഉറപ്പാക്കി. വീട്ടിലെത്തിയ ഷാഫി അരാഫത്തിനെ ഷാൾ അണിയിച്ചു. തന്റെ വീട്ടുകാരെയും അവിടെ എത്തിയവരെയും ഷാഫിക്കു പരിചയപ്പെടുത്തി. കുറച്ചുനേരം സംസാരിച്ച് ഫോട്ടോയും എടുത്ത് വീണ്ടും വരാമെന്നു പറഞ്ഞാണ് ഷാഫി മടങ്ങിയത്. കെപിസിസി സെക്രട്ടറി കെ.പി. ശ്രീകുമാർ, കെഎസ്യു ജില്ലാ പ്രസിഡന്റ് നിതിൻ എ.പുതിയിടം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.നൗഫൽ എന്നിവർ ഷാഫിയോടൊപ്പം ഉണ്ടായിരുന്നു.