പത്തനംതിട്ട : കനത്ത മഴയില്‍ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിന് പോലീസും സ്ഥലത്തുണ്ട്. ഇന്ന് രാവിലെയാണ് പാലത്തിന്റെ ഓമല്ലൂര്‍ ഭാഗത്തെ കരയില്‍ റോഡിന്റെ വശം ഇടിഞ്ഞു താന്നത് അയല്‍വാസികള്‍ കണ്ടത്. റോഡില്‍ വിള്ളലുകളും വീണിട്ടുണ്ട്.
ഇവിടെ നേരത്തെയും അപ്രോച്ച് റോഡ് തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാളില്‍ ഇവിടെ റോഡില്‍ വിള്ളലുകള്‍ വീണിരുന്നു. അധികൃതര്‍ എത്തി പരിശോധന നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല. ഇന്നലെ മുതല്‍ ജില്ലയില്‍ കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. റോഡിന്റെ ഒരുവശത്തെ കെട്ടിന്റെ കുറച്ചുഭാഗം തകര്‍ന്ന് അതുവഴി മണ്ണ് ഒലിച്ചിറങ്ങുകയായിരുന്നു. മഴ തുടര്‍ന്നാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്.