പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് ബിഹാര്‍ പോലീസ്. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 12ന് മോദിയുടെ സന്ദര്‍ശനത്തിനിടെ ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാണ് പോലീസ് പറയുന്നത്. 2047നകം ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു.
അതാര് പര്‍വേസ്, എം.ഡി ജലാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പട്നക്കടുത്തുള്ള ഫുല്‍വാരി ഷെരീഫില്‍ 15 ദിവസത്തെ പരിശീലനം ലഭിച്ചുവെന്നാണ് പോലീസിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് ഭീകരര്‍ക്ക് പരിശീലനം ലഭിച്ചുവെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. കേരളം, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ സ്ഥലത്ത് കൂടുതലായി സന്ദര്‍ശനം നടത്തുന്നതെന്നാണ് ബിഹാര്‍ പോലീസ് പറയുന്നത്.