കൊച്ചി: യുവാവിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 17 കാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. കങ്ങരപ്പടി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ സിബി എന്നയാള്‍ അറസ്റ്റിലായി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതി തന്നെ പതിവായി ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. സംഭവ ദിവസവും ഇയാള്‍ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിലുണ്ടായ മനോവിഷമം താങ്ങാനാകാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതിനാല്‍ തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.