കാൺപൂർ : ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ 22 വയസുകാരിയായ നഴ്സ് പീഡനത്തിനിരയായതായി പരാതി. ആശുപത്രി ഡയറക്ടർ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചത്. പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്നും സംശയിക്കുന്നുണ്ട്. പരാതി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ്, ആശുപത്രി ഡയറക്ടറെ അറസ്റ്റ് ചെയ്തു. കാൺപൂരിലെ കല്യാൺപൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവമുണ്ടായതെന്ന് കല്യാൺപൂർ അസിസ്റ്റന്റ് കമ്മീഷണർ അഭിഷേക് പാണ്ഡേ പറഞ്ഞു. പീഡനത്തിനിരയായ നഴസ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആശുപത്രി ഡയറക്ടർ ഒരു പാർട്ടി നടത്തിയിരുന്നു. ഇതിന് ശേഷം നഴ്സിനോട് രാത്രിയും ആശുപത്രിയിൽ നിൽക്കണമെന്നും ചില ജോലികൾ ഉണ്ടെന്നും നിർദേശിച്ചു. ഇത് അനുസരിച്ചാണ് നഴ്സ് ജോലിക്ക് കയറിയത്.
അർത്ഥരാത്രിയോടെ ഡയറക്ടർ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചു. തുടർന്ന് ബലമായി അകത്ത് കയറ്റിയ ശേഷം വാതിൽ പൂട്ടി. യുവതിയെ അവിടെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സംഭവം ആരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ ആശുപത്രി ഡയറക്ടറുടെ വിശദാംശങ്ങളൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.