ഷൊർണൂർ: ബ്രസീൽ സ്വദേശിനിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ മുംബൈ സ്വദേശിയായ യുവാവിനെ ഷൊർണൂർ ഡിവൈ.എസ്.പി. അറസ്റ്റുചെയ്തു. വെസ്റ്റ് മുംബൈയിൽ താമസിക്കുന്ന സുഹൈൽ ഇക്ബാൽ ചൗധരിയാണ് (29) അറസ്റ്റിലായത്. മോഡലായ യുവതി കുളപ്പുള്ളിയിൽ ഒരു സുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്. മേയ് 12-ന് ദുബായിൽവെച്ചാണ് സംഭവം. സുഹൈൽ ഇക്ബാൽ ചൗധരിയും കേസിലെ ഒന്നാംപ്രതിയായ, മുംബൈ സ്വദേശിയായ അയാളുടെ സുഹൃത്തും ദുബായിൽ എത്തിയപ്പോൾ മുമ്പ് പരിചയമുള്ള യുവതിയെ പാർട്ടിക്ക് ക്ഷണിക്കുകയായിരുന്നു. ഇവർ മയക്കുമരുന്ന് നൽകി ഒന്നാംപ്രതിയുടെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രാവിലെ ബോധം വന്നപ്പോൾ യുവതി ഫ്ലാറ്റിൽനിന്നു രക്ഷപ്പെട്ടോടി ടാക്സിയിൽ സ്വന്തം ഫ്ലാറ്റിലെത്തി സമീപത്തെ ക്ലിനിക്കിൽ ചികിത്സയ്ക്കു സമീപിച്ചു.
എന്നാൽ, അവിടെയുള്ളവർ ചികിത്സിക്കാൻ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.
പിന്നീട് യുവതി കുളപ്പുള്ളിയിലെ സുഹൃത്തുമായി സംസാരിച്ച് 14-ന് കൊച്ചിയിലേക്കു വന്നു. വിമാനമിറങ്ങി സമീപത്തെ ആശുപത്രിയിലെത്തിയെങ്കിലും ഇവിടെയും ചികിത്സ ലഭിച്ചില്ല. തുടർന്ന്, ചേരാനല്ലൂരിനു സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും അവർ പോലീസിൽ അറിയിക്കുകയുമായിരുന്നു.





























