ആനന്ദപ്പള്ളി : റോഡ് അറ്റകുറ്റപ്പണിയിൽ കരാറുകാരന്‍റെ അനാസ്ഥമൂലം കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അടൂർ – കോട്ടപ്പുറം – ആനന്ദപ്പള്ളി എം ജി റോഡിന്റെ അറ്റകുറ്റപ്പണിയിലാണ് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
അടൂരിൽ നിന്നും ആനന്ദപ്പള്ളിവരെ പണി തീർത്തെങ്കിലും റോഡ് അവസാനിക്കുന്ന ആനന്ദപ്പള്ളിയിൽ 25 മീറ്ററോളം റോഡ് മധ്യത്തിൽ നിന്നും ഒരുവശം പണിതീർക്കാതെ വലിയ മെറ്റിൽ നിരത്തിയിട്ടിട്ട് ആഴ്ചകളായി. ആനന്ദപ്പള്ളി – തുമ്പമൺ റോഡ് ചേരുന്ന ഈ ഭാഗത്ത് റോഡില്‍ വളവും ഉണ്ട്. റോഡില്‍ മെറ്റില്‍ ഇളകിക്കിടക്കുന്നതിനാല്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. കരാറുകാരോടും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടും പലപ്രാവശ്യം പരാതി പറഞ്ഞെങ്കിലും ആരും ഗൗനിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.