പത്തനംതിട്ട : കോന്നി – മണ്ണീറയിലേക്കുള്ള റോഡിൽ അപകടകരമായ ഭാഗങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. മുണ്ടോംമൂഴി പാലത്തിന് സമീപത്ത് നിന്ന് മണ്ണീറ റോഡിലേക്ക് കടക്കുമ്പോൾ കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും മുണ്ടോംമൂഴിക്കും ഇടയിലായും ഇതിന് ശേഷം ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് പോയിടത്തുമാണ് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കേണ്ടത്. അടവിയിലേക്കും മണ്ണീറയിലേക്കും ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നതും ഈ വഴിയാണ്. താഴ്ച്ചയുള്ള ഭാഗം മൺ തിട്ട ആയതിനാൽ ഇത് ഇനിയും ഇടിയുന്നതിനുള്ള സാധ്യതയും ഏറെയാണ്. മാത്രല്ല റോഡിന് ഇരുവശവും ഓട ഇല്ലാത്തതിനാൽ പല സ്ഥലങ്ങളിൽ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകി ഇറങ്ങുന്നതും റോഡിലേക്ക് തന്നെയാണ്. ഇത് റോഡ് തകർച്ചയ്ക്കും കാരണമാകുന്നു.
മൺ തിട്ടയുള്ള ഭാഗം ഈറക്കാടുകൾ വളർന്ന് നിൽക്കുന്നതിനാൽ അപകടകരമായ ഭാഗം പെട്ടെന്ന് ശ്രദ്ധയിൽ പെടുകയുമില്ല. റോഡിൻ്റെ വീതികുറവും വാഹനയാത്രക്കാരെ വലയ്ക്കുന്നുണ്ട്. റോഡിന് ഓട നിർമ്മിക്കണമെന്നും ആവശ്യമുയരുന്നു. മഴക്കാലമായാൽ തകർന്ന റോഡിലെ വെള്ളക്കെട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മണ്ണീറയിലെ ജനങ്ങൾക്ക് ഇവിടേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡും ഇതാണ്. റോഡിൻ്റെ താഴ്ച്ചയുള്ള ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിച്ചില്ലെങ്കിൽ മൺ തിട്ട ഇടിഞ്ഞ് അപകടം സംഭവിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.