പത്തനംതിട്ട : വനിതകളെ ആക്രമിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്തതിന് ഉൾപ്പെടെ കാപ്പ കേസിൽ പ്രതിയായി ജയിൽവാസം അനുഭവിച്ച വ്യക്തിയേയും വധശ്രമം, അടിപിടി, കഞ്ചാവ് കേസിലെ പ്രതികൾ ആയവരേയും മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സി.പി.എം പാർട്ടിയിൽ സ്വീകരിച്ച് സംരക്ഷണം നല്കുകയും മദ്യ മയക്കുമരുന്ന് മാഫിയകൾക്ക് ഭരണത്തിന്റെ തണലിൽ ഒത്താശ ചെയ്യുകയും ചെയ്യുന്ന ശിശുക്ഷേമ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ നടപടികളിൽ പ്രതിഷേധിച്ചും മന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടും ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് തിങ്കളാഴ്ച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ രാവിലെ 10- മണിക്ക് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ ജില്ലയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ, കെ.പി.സി.സി, ഡി.സി സി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് ഡി.സി.സി അറിയിച്ചു. മാർച്ചിൽ പങ്കെടുക്കുവാൻ കോൺഗ്രസിന്റേയും പോഷക സംഘടനകളുടേയും വിവിധ തലങ്ങളിലുള്ള നേതാക്കളും പ്രവർത്തകരും അന്നേ ദിവസം രാവിലെ 10 -മണിക്ക് മുമ്പായി പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തിച്ചേരണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.