റാന്നി: പുതുശ്ശേരിമലയിൽ റബർ പുരയിടത്തിന് തീപിടിച്ചു. റാന്നി പഞ്ചായത്തിലെ പുതുശേരിമല ക്ഷേത്രം മലനടയുടെ സമീപവും ഊട്ടുപാറയിലും സമീപ പ്രദേശങ്ങളിലുമാണ് ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ തീപിടുത്തം ഉണ്ടായത്. റാന്നിയിൽ നിന്നും അഗ്നിശമന സേനാ വിഭാഗത്തിൻ്റെ ദ്രുതകർമ്മ സേനാ വിഭാഗം എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അടിക്കാടുകൾക്ക് തീപടരുന്ന അവസ്ഥയാണുണ്ടായത്. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും തീ അണക്കുവാനുള്ള ശ്രമത്തിലാണ്. റാന്നി അഗ്നിശമനസേന യൂണിറ്റ് കൂടാതെ സീതത്തോട്ടിൽ നിന്നും അഗ്നിശമന സേനയുടെ ഒരു യൂണിറ്റുകൂടി എത്തി തീ അണക്കുവാനുള്ള ശ്രമം തുടരുന്നു.
പുതുശ്ശേരിമലയിലെ തീപടർന്ന ഊട്ടുപാറ പ്രദേശങ്ങളിൽ വാഹനങ്ങൾ പോകുവാനുള്ള സൗകര്യമില്ലാത്തതു മൂലം പടർന്നു പിടിച്ച തീ പെട്ടെന്ന് അണക്കുവാൻ കഴിയാതിരുന്നതാണ് തീ ആളിപടരാന്‍ കാരണമായി നാട്ടുകാർ പറയുന്നത്. തീയും പുകയും വ്യാപിച്ചതോടെ വഴിപോലും കാണാൻ പറ്റാത്ത അവസ്ഥയായിട്ടും പ്രായം ചെന്ന അമ്മമാരടക്കം പാത്രത്തിൽ വെള്ളവുമായി എത്തി തീ അണക്കുന്ന കാഴ്ചയാണ് കണ്ടത്. പുതുശ്ശേരിമല മേപ്പുറത്ത് രാജപ്പൻ നായർ, തോന്നിയോലിക്കൽ വിശ്വൻ, മേപ്രത്ത് പുരുഷോത്തമൻ എന്നിവരുടെ പുരയിടത്തിലാണ് തീ കൂടുതലായി പടർന്നത്. പുതുശ്ശേരി മലയിൽ തീപിടുത്തം ഉണ്ടായ സ്ഥലത്ത് പതിനഞ്ച് ഏക്കറിൽ കൂടുതൽ തീ പടർന്നതായാണ് നാട്ടുകാർ പറയുന്നത്.