ചാരുംമൂട്: പാലമേൽ പഞ്ചായത്തംഗവും സിപിഐ എം പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി അംഗവുമായ വള്ളിവിളയിൽ അഡ്വ.എം ബൈജുവിന്റെ വീട്ടിൽ അഞ്ചംഗസംഘം അക്രമം നടത്തി. ജനൽചില്ലുകളും ചെടിച്ചട്ടികളും തകർത്ത അക്രമി സംഘം ബൈജുവിനെയും കുടുംബത്തെയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തിങ്കൾ രാത്രി ഒന്നോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി അക്രമികൾക്കായി തെരച്ചിൽ നടത്തി.
സംശയകരമായി കണ്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ബഹളം കേട്ട് ഉണർന്നു നോക്കുമ്പോളാണ് അക്രമികൾ ഗേറ്റ് തുറന്ന് അകത്ത് കടക്കുന്നത് കണ്ടതെന്നും പേരറിയാവുന്ന മൂന്നുപേർ സംഘത്തിലുണ്ടായിരുന്നതായും ബൈജു പറഞ്ഞു. കഞ്ചാവും ലഹരിയും വില്പന നടത്തുന്ന സംഘം കക്കൂസ് മാലിന്യങ്ങൾ കൊണ്ടുവന്ന് ജനവാസ മേഖലകളിൽ ഒഴുക്കുന്നുമുണ്ട്. ഇതിനെതിരെ ബൈജു നിലപാട് സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ബൈജു പറഞ്ഞു.