പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് സസ്യശാസ്ത്രവിഭാഗം സംഘടിപ്പിച്ച ഫ്രൂട്ട് എക്സിബിഷൻ ‘പോമം 2025’ നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. തുമ്പമൺ ഭദ്രാസന വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിൽ, സസ്യശാസ്ത്രവിഭാഗം അധ്യക്ഷൻ പ്രൊഫ. ബിനോയി ടി.തോമസ്, ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി.പി.തോമസ് എന്നിവർ പ്രസംഗിച്ചു.
നാടൻ ഫലവർഗങ്ങൾ, ഔഷധ ഫലങ്ങൾ, വിഷക്കായകൾ, വിദേശരാജ്യങ്ങളിൽനിന്നും വാണിജ്യഫലവർഗങ്ങൾ, പച്ചക്കറിയായി ഉപയോഗിക്കുന്ന കായ്കൾ എന്നിവയുടെ വിപുലമായ പ്രദർശനമാണ് ഒരുക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുള്ള ഫലങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. അധ്യാപകരായ ഡോ. എ.എസ്.ദീപ്തി, ഗോകുൽ ജി.നായർ, നിഷാ ജോസഫ്, കെ.എസ്.ഹിമ, ജി.ഗൗരി, സ്റ്റുഡന്റ് കോഡിനേറ്റർമാരായ ജി.സ്വാതി, എസ്.സേതുലക്ഷ്മി, ഹന്ന മുഹ്സിൻ, അലീന സലാം തുടങ്ങിയവർ നേതൃത്വം നൽകി. കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.ഡി.എസ്. സ്കൂൾ, കൈപ്പട്ടൂർ സെയ്ൻറ് ഗ്രിഗോറിയസ് സ്കൂൾ, വാഴമുട്ടം നാഷണൽ യു.പി. സ്കൂൾ, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കെടുത്തു.