കണ്ണൂര്‍: റിപ്പബ്ളിക് ദിന പരേഡില്‍ കരാറുകാരന്റെ ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പരേഡിന് വാഹനത്തില്‍ കയറുന്നതിന് മുമ്പ് ആര്‍സി ബുക്കും മറ്റും പരിശോധിക്കാന്‍ മന്ത്രിക്ക് കഴിയുമോ എന്ന് റിയാസ് പ്രതികരിച്ചു. ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളാണ് അത്. എല്ലാ നടപടികളും പാലിച്ചെന്നാണ് ജില്ലാ കളക്ടർ തന്നെ അറിയിച്ചിരുന്നത്. അധോലോകരാജാവായ പിടികിട്ടാപ്പുള്ളിയുടെ വാഹനമാണെങ്കില്‍ പോലും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്വമില്ല.
ചിലരുടെ ചോര കുടിക്കുക എന്ന ലക്ഷ്യമാണ് വിവാദത്തിന് പിന്നില്‍. ഇതിലൊന്നും തങ്ങള്‍ക്ക് ഭയമില്ല. തങ്ങളെ ജനങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്ടെ റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.