ഷാര്‍ജ: അല്‍നഹ്ദയിലുണ്ടായ തീപിടുത്തത്തിൽ അഞ്ചുപേര്‍ മരിച്ചെന്ന് പോലീസ്. 44 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്. സാരമായി പരിക്കേറ്റ 17 പേര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ഗുരതരമല്ല. വ്യാഴാഴ്ച രാത്രി 10 മണിയോടെ ഷാര്‍ജ അല്‍ നഹ്ദയിലെ 38 നിലകളുള്ള താമസകെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. താമസക്കാരില്‍ പലര്‍ക്കും പുക ശ്വസിച്ച് ശ്വാസം മുട്ടലുണ്ടായി. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും പോലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറുകലില്‍ നിന്നാണ് തീ പടര്‍ന്നത്.
താമസക്കാരെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. അഗ്‌നിബാധയുണ്ടായ ഉടനെ താമസക്കാരില്‍ പലരും പുറത്തേക്ക് രക്ഷപ്പെട്ടിരുന്നു. ആഫ്രിക്കക്കാരും ജി.സി.സി. പൗരന്‍മാരുമാണ് കെട്ടിടത്തിലെ താമസക്കാരില്‍ ഭൂരിഭാഗവും. കെട്ടിടത്തിന്റെ 33 നിലകളിലാണ് ആളുകള്‍ താമസിക്കുന്നത് താഴെയുള്ള അഞ്ച് നിലകള്‍ പാര്‍ക്കിങ് ആണ്. ഓരോ നിലയിലും എട്ട് ഫ്ളാറ്റുകള്‍ വീതമാണുള്ളത്. എ,ബി,സി എന്നിങ്ങനെ മൂന്ന് ബ്ലോക്കുകള്‍ ഉള്ള കെട്ടിടമാണിത്. ബി ബ്ലോക്കിലായിരുന്നു അഗ്‌നിബാധ ഉണ്ടായത്.





























